ഐ.ടി.ഐകള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ആരംഭിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം: മികവിന്റെ അടിസ്ഥാനത്തില്‍ ഐ.ടി.ഐകള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ആരംഭിക്കുമെന്നും ആഗോള തൊഴില്‍ വിപണിയിലെ മത്സരങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ യുവാക്കളെയും തൊഴിലാളികളെയും തൊഴില്‍ നൈപുണ്യമുള്ളവരാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യത്തിന്റെ പ്രാധാന്യം യുവാക്കളില്‍ എത്തിക്കുകയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ സ്‌കില്‍സ് കേരള മേഖലാതല മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ നൈപുണ്യ ഗവേഷണം, പുതിയ സംരംഭങ്ങള്‍, നൂതന ആശയങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാനത്ത് പുതിയ സ്‌കില്‍സ് ലൈസിയവും കൂടുതല്‍ ഐ.ടി.ഐകളും സ്ഥാപിക്കും. വ്യവസായ പരിശീലന പദ്ധതികളില്‍ കാലാനുസൃതമായ മാറ്റം വരുത്തി ഐ.ടി.ഐകളെ നവീകരിച്ചു വരികയാണ്. തിരുവനന്തപുരം, കോഴിക്കോട് ഐ.ടി.ഐകള്‍ ഇന്റര്‍നാഷണല്‍ ഐ.ടി.ഐകളാക്കും. കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി പകരം നൂതന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മികച്ച ഐ.ടി.ഐ പ്രിന്‍സിപ്പല്‍മാര്‍ ഇന്‍സ്ട്രക്ടര്‍മാര്‍, ട്രെയ്‌നികള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷനായി. ഡോ. എ. സമ്പത്ത് എം.പി അഡീഷണല്‍ ഡയരക്ടര്‍ ഓഫ് ട്രെയ്‌നിങ് പി.കെ മാധവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."