ആഭ്യന്തര ഉത്പ്പാദനത്തില്‍ 420 മെഗാവാട്ട് കുറഞ്ഞു, കൂടുതല്‍ വൈദ്യുതി വിലയ്ക്കുവാങ്ങേണ്ടി വരും
തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസിലെ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ ഉള്‍പ്പടെ തകരാറിലായതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉത്പ്പാദനത്തില്‍ 420 മെഗാവാട്ടിന്റെ കുറവ്. ഇതോടെ ജലശേഖരം സംഭരണ ശേഷിയുടെ 71 ശതമാനമുണ്ടെങ്കിലും കൂടുതല്‍ വൈദ്യുതി വിലയ്ക്കുവാങ്ങേണ്ട അവസ്ഥയിലായി കെ.എസ്.ഇ.ബി. 73.299 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 57.6447 ദശലക്ഷം യൂനിറ്റും പുറത്തുനിന്നും എത്തിച്ചതാണ്. 15.6551 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉത്പ്പാദനം. പീക്ക് ലോഡ് ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ലോവര്‍ പെരിയാര്‍, നേര്യമംഗലം, പന്നിയാര്‍ പവര്‍ ഹൗസുകള്‍ ഷട്ട് ഡൗണ്‍ ചെയ്തതാണ് വിനയായത്.
ജനുവരിയില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞുനില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ അറ്റകുറ്റപ്പണികള്‍ക്കായി പവര്‍ ഹൗസുകള്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനമെടുത്തത്. എന്നാല്‍ ചൂടുകനത്തതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയായിരുന്നു. ഇതോടെ കൂടുതല്‍ വൈദ്യുതി പുറത്തുനിന്നും എത്തിക്കേണ്ടതായി വരുകയാണ്. ഇത് കെ.എസ്.ഇ.ബിക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. 8.059 രൂപയാണ് കായംകുളം വൈദ്യുതിയുടെ ഇപ്പോഴത്തെ യൂനിറ്റ് വില. പവര്‍ ഹൈവേ യാഥാര്‍ഥ്യമായതോടെ പുറത്തുനിന്നും പ്രതിദിനം 82 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി എത്തിക്കാന്‍ സാധിക്കും.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വൈദ്യുതി ഉത്പാദനം ഭാഗീകമായി പുനരാരംഭിച്ചു. തകരാറിലായ രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് രണ്ടാഴ്ച സമയമെടുക്കും. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സൈറ്റര്‍ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ ഉച്ചയോടെ മറ്റ് നാല് ജനറേറ്ററുകളിലും ഉത്പാദനം പുനരാരംഭിച്ചു. 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ നവീകരണത്തിന്റെ ഭാഗമായി ആഴ്ചകളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കാനാണ് 180 മെഗാവാട്ടിന്റെ പദ്ധതി ഷട്ട് ഡൗണ്‍ ചെയ്തത്. നേര്യമംഗലം പവര്‍ ഹൗസില്‍ ഉത്പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമാണ് ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തുന്നത്. ഈ വെള്ളം എത്തുന്നത് തടയാനാണ് 77.65 മെഗാവാട്ടിന്റെ നേര്യമംഗലം ഷട്ട് ഡൗണ്‍ ചെയ്തത്. 32.4 മെഗാവാട്ടിന്റെ പന്നിയാര്‍ പവര്‍ ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ആഴ്ചകളായി ഷട്ട് ഡൗണിലാണ്.
അതേ സമയം മൂലമറ്റം പവര്‍ ഹൗസില്‍ തിങ്കളാഴ്ച രാത്രി പൊട്ടിത്തെറിയെത്തുടര്‍ന്ന് തകരാറിലായ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണി തീര്‍ത്ത് അഞ്ച് ദിവസം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പൂര്‍ണമായും കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് വാര്‍ഷിക അറ്റകുറ്റപ്പണി നടത്തിയത്. പൊട്ടിത്തെറി സംബന്ധിച്ച് കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം അന്വേഷണം തുടങ്ങി. ചീഫ് എഞ്ചിനീയര്‍ സിജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ചുവരുകയാണ്. വൈദ്യുതി മന്ത്രി എം.എം. മണി ഇന്നലെ പവര്‍ ഹൗസ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."