മുക്കുപണ്ട പണയത്തട്ടിപ്പ്: തച്ചങ്ങാട് കൂടുതല്‍ പേര് പ്രതികളായേക്കും
ഉദുമ: തച്ചങ്ങാട്ടെ ഉദുമ പനയാല്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയിലെ 42 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുള്ളതായി സൂചന. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് തച്ചങ്ങാട്ടെ ഹെഡ് ഓഫിസ് പ്രസിഡന്റ് മധുസൂദനന് നമ്പ്യാര്‍, അപ്രൈസര്‍ മഹേഷ്, ആറാട്ട്കടവ് ശാഖാ മാനേജര്‍ രജനി എന്നിവര്‍ ഒളിവിലാണ്.
ഇവര്‍ക്കെതിരേ നേരത്തെ ബേക്കല്‍ പൊലിസ് കേസെടുത്തിരുന്നു. ഇവരെ കണ്ടെത്തുന്നതിന് വേണ്ടി ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറാട്ട്കടവ് ശാഖയില്‍ 16 ഇടപാടുകളിലായി 27 ലക്ഷം രൂപയാണ് തട്ടിയതായി കണ്ടെത്തിയത്.
ഇടപാട് നടത്തിയവരില്‍ പലരുടെയും മൊബൈല്‍ സ്വിച്ച്ഓഫാണ്. ഇതിനാലാണ് തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പൊലിസ് നിരീക്ഷിക്കുന്നത്. അതേസമയം തട്ടിപ്പിന് ചിലരുടെ വ്യാജ ഒപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി.
പ്രതികളെ പിടിയിലായാല്‍ മാത്രമേ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാവുകയുള്ളൂ. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആറാട്ട്കടവ് ശാഖയില്‍ ക്ലര്‍ക്കായി ജോലിക്കെത്തിയ രജനി പിന്നീട് മാനേജര്‍ ആവുകയായിരുന്നു. ഈ ശാഖയിലെ ജീവനക്കാരിയുടെ ഭര്‍ത്താവിന്റെ വ്യാജ ഒപ്പിട്ട് 6.45 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. അപ്രൈസര്‍ മഹേഷിന്റെ ഗള്‍ഫിലുള്ള സഹോദരന്റെ വ്യാജ ഒപ്പിട്ടും പണം തട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."