വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച്
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളികള്‍ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കം.
കീഴാറ്റൂര്‍ സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും സംയുക്തമായി സംഘാടക സമിതി രൂപീകരിച്ചു. ലോങ് മാര്‍ച്ചിന്റെ വിശദാംശങ്ങള്‍ ഓഗസ്റ്റ് 11ന് തൃശൂരില്‍ നടക്കുന്ന സമരസഭയില്‍ പ്രഖ്യാപിക്കും. രണ്ടുമാസത്തിനകം എല്ലാ ജില്ലകളിലും സംഘാടകസമിതി രൂപീകരിക്കും.'സമരകേരളം തിരുവനന്തപുരത്തേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ദേശീയപാത 30 മീറ്ററായി വികസിപ്പിക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സമഗ്രമായി നടപ്പാക്കുക, വികസനം ജനപക്ഷത്ത് നിന്നു നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോങ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന്റെ ലക്ഷ്യം വിശദീകരിച്ചുള്ള സമരരേഖ എന്‍. സുബ്രഹ്മണ്യന്‍ പുറത്തിറക്കി. യോഗം കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകി ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. സുരേഷ് കീഴാറ്റൂര്‍, നോബിള്‍ പൈകട, മിര്‍സാദ് റഹ്മാന്‍, സണ്ണി അമ്പാട്ട്, കെ.കെ സുരേന്ദ്രന്‍, അഥീന സുന്ദര്‍, അഡ്വ. കസ്തൂരിദേവന്‍, ഷാന്റോ ലാല്‍, കെ. സുനില്‍കുമാര്‍, വിശാലാക്ഷന്‍, പി.ടി ഭാസ്‌കരന്‍, സി. ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."