ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
ലക്‌നോ: ഇന്ത്യയിലെ മുസ്‌ലിം വിഭാഗം ഹിന്ദുക്കൾ ആണെന്നും ഇവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരണമെന്നും ആഹ്വനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യയിലെ മുസ്‍ലിംകൾ അറബ് രാജ്യങ്ങളിൽ നിന്നും വന്നവരല്ലെന്നും, അവരുടെ ഘർവാപസി പ്രോത്സാഹിപ്പിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു. ലക്‌നോവിൽ നടന്ന സ്വരസ്വതി ശിശു മന്ദിർ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിംങ്ങളും ഹിന്ദുക്കളാണ്. അവർ അറബ് രാജ്യങ്ങളിൽ നിന്ന് ഇവിടെ വന്നിട്ടില്ല. അവരുടെ വീട്ടിലേക്കുള്ള വരവ് പ്രോത്സാഹിപ്പിക്കപ്പെടണം. ഇത് (ഘർ വാപസി) പെട്ടെന്ന് ചെയ്യേണ്ട ഒന്നല്ല. സാമൂഹിക സംവാദത്തിലൂടെയും ക്രമേണയുള്ള ധാരണയിലൂടെയും നേടിയെടുക്കേണ്ട ഒന്നാണ്' - മോഹൻ ഭഗവത് പറഞ്ഞു.
'മുസ്‌ലിംങ്ങൾക്ക് ഈ രാജ്യത്താണ് വേരുകൾ ഉള്ളത്. അവരുടെ പൂർവ്വികർ ഈ നാടിന്റെ മക്കളാണ്... കാലഘട്ടത്തിന്റെ ആവശ്യം സമൂഹത്തെ വിഭജിക്കുകയല്ല, ഒന്നിപ്പിക്കുക എന്നതാണ്' ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.
ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചു. ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു കുടുംബങ്ങൾ അതിനെക്കുറിച്ച് (കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും) ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അത് കർശനമായി കൈകാര്യം ചെയ്യണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
ഒരു സമൂഹത്തിൽ സംഭാഷണവും ആശയവിനിമയവും ഇരുവശത്തുനിന്നും ഉണ്ടാകണമെന്ന് ആർഎസ്‌എസ് മേധാവി പറഞ്ഞു. ജാതി അടിസ്ഥാനമാക്കിയുള്ള വിഭജനങ്ങൾക്കപ്പുറം സമൂഹം ഉയരണം.. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, പക്ഷേ അത് ഇപ്പോഴും തുടരുന്നു - അദ്ദേഹം പറഞ്ഞു.
മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും നീണ്ട ഭരണകാലത്തും ഇന്ത്യൻ സംസ്കാരവും സനാതന പാരമ്പര്യങ്ങളും ശക്തമായി നിലനിന്നിരുന്നുവെന്നും അതിനാൽ ഇന്നും സമൂഹം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും ഭഗവത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."