സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലും വിപുലമായ പരിപാടികള്‍. വാര്‍ഷികാഘോഷം ആരംഭിക്കുന്ന ഈ വെള്ളിയാഴ്ച കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ കണ്‍വന്‍ഷന്‍ സെന്ററിലാണ് ജില്ലാതല ആഘോഷങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 3.30ന് കാര്യവട്ടം സര്‍വകലാശാലക്ക് മുന്നില്‍നിന്ന് സ്‌പോര്‍ട്‌സ് ഹബ്ബിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തും.
4.30ന് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും വയലാര്‍ സാംസ്‌കാരിക വേദിയും അവതരിപ്പിക്കുന്ന സ്മൃതിഗീതം ഗാനാഞ്ജലി നടക്കും. വൈകിട്ട് അഞ്ചിന് ജില്ലാതല ഉദ്ഘാടനവും പട്ടയ വിതരണവും ലൈഫ് വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനാകും. മുഖ്യപ്രഭാഷണവും മറ്റു പദ്ധതികളിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും മേയര്‍ വി.കെ പ്രശാന്ത് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു സ്വാഗതം പറയും. ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ജില്ലയിലെ ആഘോഷങ്ങളോടനുബന്ധിച്ച് 24 മുതല്‍ 30 വരെ കനകക്കുന്നിലെ സൂര്യകാന്തിയില്‍ പ്രദര്‍ശന-വിപണനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഇതോടനുബന്ധിച്ച് നടക്കും. വൈകിട്ട് അഞ്ച് മുതല്‍ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ജില്ലയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന 324 പട്ടയങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യും.
ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ച് താമസമാരംഭിക്കാത്ത 1431 വീടുകളുടെ താക്കോല്‍ വിതരണവും ഭവനരഹിതരായ ഭൂമിയുള്ള 2100 പേര്‍ക്ക് വീടുവയ്ക്കുന്നതിനുള്ള ആദ്യഘട്ട സഹായധന വിതരണവും പി.എം.എ.വൈ ഗ്രാമീണ്‍ അര്‍ബന്‍ പദ്ധതിപ്രകാരം നിര്‍മിച്ച താക്കോല്‍ വിതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."