തിരുവല്ല-ചങ്ങനാശേരി റെയില്‍പാത ഇരട്ടപ്പാതയാകുന്നു
കോട്ടയം: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്കുള്ള ട്രെയിന്‍ യാത്രാ ദുരിതത്തിനുള്ള ശാശ്വത പരിഹാരമാകുന്നു. ഈ റൂട്ടിലെ തിരുവല്ല- ചങ്ങനാശേരി റെയില്‍പാത ഇരട്ടപാത ഈ മാസം 28ന് പദവിയിലേക്കുയരുന്നതോടെ തിരുവനന്തപുരം മുതല്‍ ചങ്ങനാശേരി വരെ ഇരുഭാഗത്തേക്കും ഒരോ ട്രെയിനുകള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.
1985 കാലഘട്ടത്തിലാണ് കായംകുളം തിരുവനന്തപുരം റെയില്‍പാതയുടെ വികസന പദ്ധതികള്‍ ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ ചങ്ങനാശേരി വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കായംകുളം-തിരുവനന്തപുരം, കായംകുളം-ചിങ്ങവനം എന്നീ രണ്ട് ഘട്ടങ്ങളായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരട്ടപ്പാത തുറക്കുന്നതോടെ ക്രോസിംഗിനായി ട്രെയിന്‍ പിടിച്ചിടുന്നതുമൂലമുണ്ടാകുന്ന തടസ്സവും യാത്രക്കാര്‍ക്കുണ്ടാകുന്ന സമയനഷ്ടവും ഒഴിവാക്കാനാകും.
കഴിഞ്ഞദിവസം ഈ പാതയുടെ സുരക്ഷാ പരിശോധന നടത്തിയ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ.എ മനോഹരന്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ചങ്ങനാശേരി ഇരൂപ്പാ ലെവല്‍ക്രോസ് മുതല്‍ തിരുവല്ല വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരം 123 കിലോമീറ്റര്‍ വേഗതയില്‍ നാലുമിനിറ്റ് കൊണ്ടാണ് എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയത്. സുരക്ഷാ പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സുരക്ഷാ കമ്മിഷണര്‍ അടുത്തയാഴ്ച റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും.
ഇരൂപ്പാ മുതല്‍ ചങ്ങനാശേരി സ്റ്റേഷനോടു ചേര്‍ന്നുള്ള വാഴൂര്‍ റോഡിലെ മേല്‍പ്പാലത്തിനടുത്തുവരെയുള്ള പുതിയ പാതയും റെയില്‍വേ സ്റ്റേഷനിലെ മൂന്നും നാലും ട്രാക്കുകളും ജനുവരി 28ന് തുറന്നിരുന്നു. നവീകരണത്തിനായി അന്ന് അട്ച്ച ചങ്ങനാശേരി സ്റ്റേഷനിലെ ഒന്ന്, രണ്ട് പാതകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും നിര്‍മാണ ജോലികളും ഉടന്‍ പൂര്‍ത്തിയാവും.
ഈ രണ്ടു പാതകള്‍ കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചങ്ങനാശേരി സ്‌റ്റേഷനില്‍ നാല് പാതകള്‍ സജ്ജമാകും. ഇതോടെ ജില്ലയിലെ മികച്ച സ്റ്റേഷനായി ചങ്ങനാശേരി മാറുകയും ചെയ്യും. നാലാം പാത ഗുഡ്‌സ് ട്രെയിനുകള്‍ക്കായാണ് ഒരുക്കുന്നത്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കേരളത്തനിമയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ടെര്‍മിനല്‍ നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാവും. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നത് മൂലം ചങ്ങനാശേരി-ചിങ്ങവനം പാത നിര്‍മാണം നിലച്ച അവസ്ഥയിലാണ്. നാട്ടകം മേഖലയിലുള്ള 11 ഉടമകളുടെ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."