ഫറോക്ക് നഗരസഭ; യു.ഡി.എഫിന് അധികാരം നഷ്ടമാക്കിയത് വിഭാഗീയത
ഫറോക്ക്: ഫറോക്ക് നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമാക്കിയത് കടുത്ത വിഭാഗീയതയും ഐക്യമില്ലായ്മയും. മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലെ ഗ്രൂപ്പുകളി ഭരണതലത്തിലേക്ക് ബാധിച്ചതാണ് യു.ഡി.എഫിന് ഭരണം നഷ്ടമാകാന്‍ കാരണമായത്.
പല കൗണ്‍സില്‍ യോഗങ്ങളിലും ഭരണസമിതി അംഗങ്ങള്‍ തമ്മില്‍ പോരടിച്ചു നിന്നപ്പോള്‍ നേതൃത്വം നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. കൗണ്‍സില്‍ തീരുമാനങ്ങള്‍ വോട്ടിനിട്ടു പാസാക്കാന്‍ ഭരണസമിതിക്കാവാത്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തുകയായിരുന്നു.
ആകെ 38 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍.ഡി.എഫ്(18), യു.ഡി.എഫ് (17), ബി.ജെ.പി(1), സ്വതന്ത്രര്‍(2) എന്നിങ്ങനെയാണ് സീറ്റുനില. സ്വതന്ത്രന്റെ പിന്തുണയോടെ 19 അംഗങ്ങളുമായാണ് യു.ഡി.എഫ് പുതുതായി രൂപീകരിച്ച ഫറോക്ക് നഗരസഭയുടെ ഭരണം പിടിച്ചത്.
മുസ്‌ലിം ലീഗ് നേതൃത്വ തീരുമാന പ്രകാരം ആദ്യത്തെ ഒരുവര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒന്നാം വാര്‍ഡില്‍ നിന്നു ജയിച്ച ടി. സുഹറാബിക്കും പിന്നീടുള്ള നാല് വര്‍ഷം 23ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. റുബീനക്കും നല്‍കുമെന്നായിരുന്നു. എന്നാല്‍ കാലാവധിയായിട്ടും ഈ തീരുമാനം നടപ്പിലാക്കാന്‍ നേതൃത്വം തയാറാകാത്തതോടെയാണ് ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടു ആറ് മാസം കൂടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ടി. സുഹറാബിക്ക് നല്‍കുകയായിരുന്നു. നീട്ടി നല്‍കിയ കാലാവധി അവസാനിച്ചിട്ടും നേതൃമാറ്റം നടത്താത്തതിനെതിരേ ലീഗിലെ ഒരുവിഭാഗം സംഘടിച്ചു പ്രതിഷേധവുമായെത്തി. ഭരണസമിതി പ്രതിസന്ധിയിലായതിനെ തുടര്‍ന്നു പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഇടപെട്ടാണ് നേതൃമാറ്റ തീരുമാനം നടപ്പിലാക്കിയത്. ഇതിനിടിയില്‍ വൈസ്‌ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് കിട്ടണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസിലെ മൊയ്തീന്‍ കോയയും രംഗത്തെത്തി. ഐ,എ ഗ്രൂപ്പ് അധികാരത്തര്‍ക്കമാണ് ഇതിനു കാരണം. എട്ടുമാസം മുന്‍പ് നടന്ന രണ്ടാമത്തെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മൊയ്തീന്‍കോയയും കെ.ടി ശാലിനിയും പങ്കെടുത്തിരുന്നില്ല.
ആറ് മാസത്തിനു ശേഷം വൈസ്‌ചെയര്‍മാന്‍ വി. മുഹമ്മദ് ഹസ്സനെ മാറ്റി സ്ഥാനം നല്‍കാമെന്ന ഉറപ്പിലാണ് അന്നവര്‍ രണ്ടുപേരും തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് യു.ഡി.എഫിനു അനുകൂലമായി വോട്ട് ചെയ്തത്.
എന്നാല്‍ പുതിയ ചെയര്‍പേഴ്‌സണ്‍ വന്നെങ്കിലും ഭരണസമിതിക്കുള്ളിലെ അനൈക്യം കൂടുകയായിരുന്നു. ഭരണസമിതി അംഗങ്ങള്‍ തമ്മില്‍ പോരടിക്കുന്ന സംഭവങ്ങളാണ് മിക്ക കൗണ്‍സില്‍ യോഗങ്ങളിലും ഉണ്ടായത്.
കഴിഞ്ഞമാസം നടന്ന കൗണ്‍സിലിലും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഭരണസമിതി പരാജയപ്പെട്ടു. കൂടാതെ ഭരണസമിതി അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഇത് മുതലെടുത്താണ് എല്‍.ഡി.എഫ് ഈമാസം നാലിനു ചെയര്‍പേഴ്‌സണ്‍ പി.റുബീന, വൈസ്‌ചെയര്‍മാന്‍ വി. മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്ന കൗണ്‍സില്‍ ബഹിഷ്‌കരിക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. എന്നാല്‍ ഇതു മറികടന്നാണ് മുസ്‌ലിം ലീഗിലെ ടി. സുഹറാബിയും കോണ്‍ഗ്രസിലെ മൊയ്തീന്‍കോയ, കെ.ടി ശാലിനി എന്നിവര്‍ ഇന്നലെ കൗണ്‍സില്‍ യോഗത്തിനെത്തി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്.
ഇവര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും സ്വീകരിക്കന്‍ കൂട്ടാക്കിയില്ല. ഇവര്‍ മുന്നുപേര്‍ക്കു പുറമെ സ്വതന്ത്ര അംഗമായ 21ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഖമറുല്‍ ലൈലയും ഉള്‍പ്പെടെ 22 പേരുടെ വോട്ടോടെയാണ് അവിശ്വാസം പാസായത്.
ഇതോടെ ബേപ്പൂര്‍ മണ്ഡലത്തില്‍ ആകെ ഉണ്ടായിരുന്ന ഫറോക്ക് നഗരസഭ ഭരണം നഷ്ടമായത് യു.ഡി.എഫിനു കനത്ത തിരിച്ചടിയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."