ലോക്‌സഭാ തെരഞ്ഞെടുപ്പിന് ലീഗ് ഒരു മുഴം മുന്‍പേ
മലപ്പുറം: ലോകസ്ഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു ഒരു മുഴം മുന്‍പേ ഇറങ്ങാന്‍ മുസ്‌ലിം ലീഗ്. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം യു.ഡി.എഫ് വിജയത്തിനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കി. കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ചേരും. പൊന്നാനിയില്‍ ജൂലൈ നാലിനാണ് കണ്‍വന്‍ഷന്‍.
പാര്‍ട്ടിതലത്തില്‍ തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ കണ്‍വന്‍ഷനുകള്‍ നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും രാഷ്ട്രീയ സ്ഥിരം പഠന കേന്ദ്രം ഓഗസ്റ്റ് 15 ന് ആരംഭിക്കും.
കട്ടിപ്പാറിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചത് നാമമാത്രമായ തുകയാണ്.
ദുരിതബാധിതരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അര്‍ഹമായ സഹായം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓഖി പോലുള്ള ദുരന്തത്തിന് ശേഷം തീരദേശങ്ങള്‍ കടുത്ത ആശങ്കയിലാണ്. അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ നാവികസേനയുടെയോ തീരസംരക്ഷണ സേനയുടെയോ സ്ഥിരം കേന്ദ്രം തിരൂര്‍ ആസ്ഥാനാമായി കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. 25 ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ അവതരിപ്പിക്കും. മലബാറില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാറിന്റെ അവഗണനക്കെതിരേ പ്രക്ഷോഭപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.
പല ജില്ലകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സീറ്റില്ല. രണ്ട് ജില്ലകളിലുമായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിഷമത്തിലാണ്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."