സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ബോധവല്‍കരണ പരിപാടികള്‍ ആവശ്യം: ഡി.ജി.പി
കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇ ജാഗ്രത പോലുള്ള ബോധവല്‍കരണ പരിപാടികള്‍ ആവശ്യമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് പരിശീലനം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ-ജാഗ്രത പദ്ധതിയുടെ നാലാംഘട്ടം കാക്കനാട് ഇന്‍ഫോപാര്‍ക്ക് ടി.സി.എസ് കാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഇജാഗ്രത പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുമുണ്ട്. ഐ.ടി അധിഷ്ഠിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്.
അതേസമയം കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് ഡി.ജി.പി പറഞ്ഞു. അറിവും അവസരങ്ങളും തരുന്നതോടൊപ്പം ദുരുപയോഗ സാധ്യതകളും ഇന്റര്‍നെറ്റില്‍ വളരെയുണ്ട്. ഇന്റര്‍നെറ്റില്‍ എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് ഒരു കുറ്റകൃത്യമാണ് എന്നുള്ള അറിവില്ല. ഇക്കാര്യങ്ങളില്‍ ബോധവല്‍കരണത്തിന് ഇ-ജാഗ്രത പോലുള്ള പരിപാടികള്‍ സഹായിക്കും. വിദ്യാര്‍ഥികള്‍ക്കു പുറമെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും, ഉത്തരവാദിത്തത്തോടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ഇ-ജാഗ്രത അറിവ് നല്‍കുന്നുവെന്ന് ഡി.ജി.പി പറഞ്ഞു.
ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി എഴുപതിനായിരത്തോളം വിദ്യാര്‍ഥികളില്‍ പദ്ധതി എത്തിക്കാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
നാലാം ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവല്‍കരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മൂവായിരത്തോളം ക്ലാസ്‌റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആയി മാറിയെന്നും കലക്ടര്‍ വ്യക്തമാക്കി. ടി.സി.എസ് കേരള ഡെലിവറി സെന്റര്‍ തലവന്‍ വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ സന്തോഷ്, ഇ-ജാഗ്രത പ്രോഗ്രാം കോഡിനേറ്റര്‍ പി.വി രശ്മി, കലക്ടറേറ്റ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥന്‍ റോണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."