കുടിവെള്ളക്ഷാമം; നേരിട്ടു കുടിവെള്ളം എത്തിക്കും
കണ്ണൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ നേരിട്ടു കുടിവെള്ളം വിതരണം ചെയ്യാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വിതരണം ചെയ്യുന്നത് ശുദ്ധമായ കുടിവെള്ളമാണോയെന്നു പരിശോധിക്കാന്‍ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കും. അതിരൂക്ഷമായി കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളെ കുറിച്ചു കൗണ്‍സിലര്‍മാര്‍ ലിസ്റ്റ് നല്‍കണം. തുടര്‍ന്നു ജില്ലാകലക്ടര്‍ക്കു വിവരം നല്‍കുമെന്നു മേയര്‍ ഇ.പി ലത അറിയിച്ചു.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്നായിരുന്നു യോഗത്തിലെ അജന്‍ഡ. എന്നാല്‍ ഇതിനെതിരേ വ്യാപകമായി ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചു. കോര്‍പറേഷനിലെ ഭൂരിഭാഗം സോണലുകളില്‍ കിയോസ്‌കുകള്‍ ഇല്ല. നാമമാത്രമായ സ്ഥലങ്ങളിലാണ് ഉള്ളതെന്നും അവിടെ മാത്രം വിതരണം ചെയ്താല്‍ വെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ളം നല്‍കാന്‍ സാധിക്കില്ലയെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. ഉപ്പാലവളപ്പിലെ കുടിവെള്ള ടാങ്ക് സ്ഥാപിച്ചല്ലാതെ ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്ന് സി. സമീര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് വന്നതിനാലാണ് കോര്‍പറേഷന്‍ ഇപ്പോള്‍ കുടിവെള്ള വിതരണം ചെയ്യാന്‍ തയാറായത്. കുടിവെള്ളക്ഷാമത്തിനു മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ടു യോഗം ചേര്‍ന്നു ആവശ്യമായ നടപടി എടുക്കാന്‍ പോലും തയാറാകാത്തത് മോശമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എച്ച്.ഐമാരോട് എല്ലാ സോണലുകളിലെയും കുടിവെള്ള ടാങ്കുകളും മറ്റും ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സെക്രട്ടറി രാധാകൃഷ്ണന്‍ അറിയിച്ചു. കിയോസ്‌കുകളുടെ എണ്ണം കൃത്യമായി അറിയിച്ചിട്ടും ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയില്ലെന്നു വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷും അറിയിച്ചു. കാട്ടാമ്പള്ളിയില്‍ കുടിവെള്ളം ക്ഷാമം രൂക്ഷമായതിനാല്‍ രാവിലെയും വൈകിട്ടുമായി വെള്ളം വിതരണം ചെയ്യാന്‍ തയാറാകണമെന്നു എറമുള്ളാന്‍ പറഞ്ഞു. വെള്ളോറ രാജന്‍, സുമാ ബാലകൃഷ്ണന്‍, പി. ധനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."