തൃത്താല പൊലിസ് സ്റ്റേഷന്‍: കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു
കൂറ്റനാട്: മൂന്നു പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ തൃത്താല പൊലിസ് സ്റ്റേഷന്റെ മുഖച്ഛായ മാറുന്നു. രണ്ട് നിലകളിലായി നിര്‍മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പോലീസ് ആധുനികവല്‍ക്കരണ നിധിയില്‍നിന്ന് 73.5 ലക്ഷം രൂപയുംവി.ടി ബല്‍റാം എം.എല്‍.എ.യുടെ ആസ്തി വികസനിധിയില്‍നിന്ന് 28.5 ലക്ഷം രൂപയുമടക്കം ഒരു കോടി രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക പോലീസ് മന്ദിരത്തിന്റെ നിര്‍മാണം. ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയമായി സ്റ്റേഷനെ ഉയര്‍ത്താനും ഇതോടെ സാധിക്കും. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് പുതിയ പോലീസ് മന്ദിരത്തിന്റെ നിര്‍മാണം. സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, സേവനങ്ങള്‍ തേടിയെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക്, പോലീസുകാര്‍ക്കായി വിശ്രമമുറികള്‍ എന്നീ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് താഴത്തെ നിലയുടെ പണികള്‍ മിക്കവാറും പൂര്‍ത്തിയായി. വയറിങ്ങ്, നിലം പണി എന്നീ ജോലികളാണ് പുരോഗമിക്കുന്നത്. ഇനി ഒന്നാം നിലയുടെ നിര്‍മാണമാണ് ആരംഭിക്കാനുളളത്. എം.എല്‍.എ.യുടെ ആസ്തി വികസന നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുക. തുക ലഭിക്കുന്ന മുറക്ക് മുകള്‍ നിലയുടെ നിര്‍മാണവും ആരംഭിക്കും.
1985 ലാണ് ഭാരതപ്പുഴയുടെ തീരത്ത് തൃത്താല പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അസൗകര്യങ്ങളെ തുടര്‍ന്ന് 1997ല്‍ തൃത്താല ഗ്രാമ പഞ്ചായത്തിന്റെ പഴയൊരു കെട്ടിടത്തിലേക്ക് പൊലിസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു. സ്ഥല പരിമിതിയും, ചോര്‍ന്നൊലിക്കുന്ന വിശ്രമ മുറികളും, ഓഫിസ് മുറ്റത്തെ വെള്ളക്കെട്ടും ഇഴജന്തു ശല്യവുമെല്ലാം സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കാലപ്പഴക്കം മൂലവും യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ഓഫീസ് കെട്ടിടത്തിന്റെ സീലിങ്ങ് മിക്കയിടത്തും അടര്‍ന്ന് വീഴാറായ നിലയിലുമാണ്. നിലവിലെ ദുരവസ്ഥകള്‍ക്കെല്ലാം ശാശ്വത പരിഹാരമെന്ന നിലയിലാണ് ആധുനിക പൊലിസ് മന്ദിര നിര്‍മാണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."