ഊര്‍ങ്ങാട്ടിരിയില്‍ എത്ര ആദിവാസികളുണ്ട്? ആ... ആര്‍ക്കറിയാം..
അരീക്കോട്: ഭക്ഷണവും കിടപ്പാടവുമില്ലാതെ നരകജീവിതം നയിക്കുന്നവരുണ്ട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍. ഇന്ന് മറ്റൊരു ലോക ജനസംഖ്യാ ദിനം ആചരിക്കുമ്പോഴും ഈ ജീവിതങ്ങള്‍ ഇതുവരെ ഒരു കണക്കെടുപ്പിലും ഉള്‍പ്പെട്ടിട്ടില്ല. ജനസംഖ്യാ രേഖയില്‍ ഇടമില്ലാതെ പോയതിനാല്‍ വിശപ്പടക്കാന്‍ പോലും വകയില്ലാതെ രോഗത്തോട് മല്ലടിക്കുകയാണ് ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനിയിലുള്ളവര്‍. തുറന്നുപറച്ചിലിന് വേദിയില്ലാതെ നിസ്സഹായരായി നരകതുല്യ ജീവിതം നയിക്കുന്ന മനുഷ്യജന്മങ്ങളെ അധികൃതര്‍ക്ക് അറിയാമെങ്കിലും കണക്കില്‍ എവിടെയും കാണാത്തതിനാല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.
ജില്ലയിലെ പട്ടികവര്‍ഗക്കാരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്നില്‍ ഒരു വിഭാഗം താമസിക്കുന്നത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ്. പക്ഷെ സര്‍ക്കാറിന്റെ ആദിവാസി സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഊര്‍ങ്ങാട്ടിരിയില്‍ പട്ടിക വര്‍ഗ വിഭാഗക്കാര്‍ ആരും തന്നെയില്ല. വെറ്റിലപ്പാറ, ഊര്‍ങ്ങാട്ടിരി വില്ലേജുകളില്‍ ഓടക്കയം, വെറ്റിലപ്പാറ, ഈന്തുമ്പാലി, ആലപ്പാറ, കവുങ്ങ് ചോല, കൂരങ്കല്ല്, പീടിക്കുണ്ട്, മൈലാടി, കളപ്പാറ, ചീങ്കണ്ണി, കൊടുമ്പുഴ, പന്നിയാമല, കുരീരി, നെല്ലിയാനി, കളപ്പാറ, കരിമ്പ് തുടങ്ങിയ പതിനഞ്ച് കോളനികളിലായി 1,060 പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വീടുകള്‍ കയറിയുള്ള വിവരശേഖരണം പ്രകാരമുള്ള കണക്ക്. പണിയാന്‍, മുതുവാന്‍, മലമുത്തന്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് ഊര്‍ങ്ങാട്ടിരിയിലെ കോളനികളിലുള്ളത്. ഇവരില്‍നിന്ന് മരണപ്പെടുന്നവരെ കുറിച്ചും അധികൃതര്‍ക്ക് വിവരമില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ജില്ലയില്‍ ആദിവാസികളുടെ സമഗ്ര വികസനത്തിനായി ചെലവഴിച്ചത് 14 കോടി രൂപയാണ്. എന്നാല്‍ അതിന്റെ ആനുകൂല്യങ്ങളൊന്നും ഇവരെ തേടി കാട് കയറിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും റോഡും പോലും ഇവര്‍ക്ക് അന്യമാണ്. ഏറെ കൊട്ടിഘോഷിച്ച് സമ്പൂര്‍ണ വൈദ്യുതീകരണം സംസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും കാട്ടിലിപ്പോഴും കൂരിരുട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."