അപേക്ഷകള്‍ കാണാതായ കേസ്: സത്യവാങ്മൂലം നല്‍കിയില്ല; പി.എസ്.സിക്ക് ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്
കുറ്റിപ്പുറം (മലപ്പുറം): എല്‍.പി.എസ്.ടി, യു.പി.എസ്.ടി തസ്തികയിലേക്ക് നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ പി.എസ്.സിക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്. ഇന്നലെ കേസ് പരിഗണിച്ച എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം പി.എസ്.സി ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് പരിഗണനക്കെടുത്തപ്പോള്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം പി.എസ്.സി ആവശ്യപ്പെടുകയായിരുന്നു. പി.എസ്.സിയുടെ ഈ ആവശ്യത്തെ ഹരജിക്കാരുടെ അഭിഭാഷകനായ ജോസ് എബ്രഹം ശക്തമായി എതിര്‍ത്തു. നവംബര്‍ ഏഴിന് നടക്കുന്ന യു.പി.എസ്.ടിയുടെ ഹാള്‍ ടിക്കറ്റ് ഈ മാസം 23 മുതല്‍ 27 വരെ വിതരണം ചെയ്യാനുളള നടപടികള്‍ പി.എസ്.സി ആരംഭിച്ചുവെന്നും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ചോദിക്കുക വഴി കേസിനെ അനന്തമായി നീട്ടി കൊണ്ടുപോയി ഹരജിക്കാരുടെ പരീക്ഷ എഴുതാനുളള അവസരം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും വാദിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പി.എസ്.സിക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കാര്യവും ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പി.എസ്.സിയുടെ ആവശ്യം അംഗീകരിച്ച കോടതി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഈ മാസം 30 വരെ സമയം അനുവദിച്ചു. ഈ സമയത്തിനകം മറുപടി സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ 30ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ കേസില്‍ കക്ഷികളായ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുളള അവസരം നല്‍കേണ്ടിവരുമെന്ന് കോടതി പി.എസ്.സിക്ക് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ മറ്റൊരു ഹരജിയും ഇന്ന് പരിഗണനക്ക് വരുന്നുണ്ട്. ഇരുനൂറിലധികം ഉദ്യോഗാര്‍ഥികളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതികളില്‍ അനുകൂല നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."