ആരോപണങ്ങള്‍ ശിവശങ്കറിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ എം.ശിവശങ്കറിന്റെ തലയില്‍വച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്ത് മുതല്‍ ഹവാല ഇടപാട് വരെയുള്ള സംഭവങ്ങളില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുള്ളവരെയും ചോദ്യംചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ചാം പ്രതിയാവുകയും ചെയ്തപ്പോള്‍ എല്ലാം ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി ചെയ്തതാണെന്നും സര്‍ക്കാരിന് ധാര്‍മികമായ ഉത്തരവാദിത്വമില്ലെന്നും മുഖ്യമന്ത്രി പറയുന്നത് ജനം വിശ്വസിക്കില്ല. ജനങ്ങളെ പറ്റിക്കാനായി മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുകയാണ്.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് ജനങ്ങള്‍ കരുതിയത്. പക്ഷെ, സ്വയം ന്യായീകരിക്കാന്‍ ക്യാപ്‌സ്യൂള്‍ പോരാതെ വന്നതിനാല്‍ 21 മിനിട്ട് പ്രസംഗം വായിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പ്രിന്‍ക്ലര്‍ മുതല്‍ പമ്പാ മണല്‍ കടത്ത്, ബെവ് ക്യൂ ആപ്പ്, ലൈഫ് മിഷന്‍, ഇ മൊബിലിറ്റി പദ്ധതി, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ തുടങ്ങിയ അഴിമതികളിലെല്ലാം ശിവശങ്കറെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറയാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."