ഷമി ഹീറോ ആടാ...
ലീഡ്‌സ്: ഇന്ത്യ വിറച്ചു ജയിച്ചു.അനായാസമായി ജയിക്കാമെന്നു കരുതിയ മത്സരത്തില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച് അഫ്ഗാന്‍. പരിചയക്കുറവും ബാറ്റ്‌സ്മാന്‍മാരുടെ മെല്ലെപ്പോക്കും അഫ്ഗാന് വിനയായപ്പോള്‍ ഇന്ത്യ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. നെഞ്ചിടിപ്പേറ്റിയ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാനു വേണ്ടി മുഹമ്മദ് നബി (52) അവസാനം വരെ പൊരുതിയെങ്കിലും വിജയം മാത്രം വിട്ടുനിന്നു.
ഷമിയെറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ആദ്യ പന്തില്‍ ഫോറടിച്ച നബി ഇന്ത്യയുടെ നെഞ്ചിടുപ്പു കൂട്ടിയെങ്കിലും രണ്ടാം പന്തില്‍ നബിയെ ഹാര്‍ദിക്കിന്റെ കൈകളിലെത്തിച്ച് ഷമി മത്സരം ഇന്ത്യുടെ വരുതിയിലാക്കി. മൂന്നാം പന്തില്‍ അഫ്താബ് ആലമിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി, നാലാം പന്തില്‍ മുജീബ് റഹ്മാനെ പുറത്താക്കി ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു. തോറ്റെങ്കിലും ധീരമായി പൊരുതിയാണ് വീണതെന്ന ചാരിതാര്‍ഥ്യവുമായാണ് അവര്‍ കളംവിട്ടത്.
ഒരു ഘട്ടത്തില്‍ ഒരട്ടിമറി വിജയം അഫ്ഗാന്‍ മുന്നില്‍ കണ്ടെങ്കിലും ബുംറ എറിഞ്ഞ 29ാം ഓവറില്‍ സെറ്റ് ബാറ്റ്‌സ്മാന്‍മാരായ റഹ്മത്ത് ഷായും, ഹഷ്മത്തുള്ളയും വീണതോടുകൂടി ഇന്ത്യ മത്സരത്തിലേക്ക് മടങ്ങിയെത്തി. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കണിശതയോട്കൂടി പന്തെറിഞ്ഞതോടെ അഫ്ഗാനില്‍നിന്ന് വിജയം ഇന്ത്യ തട്ടിയെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ കണ്ട അഫ്ഗാന്‍ ബൗളര്‍മാരെയല്ല ഇന്നലെ ഇന്ത്യക്കെതിരേ കണ്ടത്. സട കുടഞ്ഞെഴുന്നേറ്റ സിംഹത്തെ പോലെയാണ് അവര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നിലേക്ക് ബോളുമായെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ മനസില്‍ കഴിഞ്ഞ മത്സരത്തിലെ മോര്‍ഗന്റെ ഇന്നിങ് സ് പ്രചോദനമായിരിക്കാം. എന്നാല്‍ ഇന്ത്യയുടെ തുടക്കം തന്നെ പാളുന്നതാണ് കണ്ടത്. ഹിറ്റ്മാന്‍ 10 പന്തില്‍ നിന്ന് ആകെ നേടിയത് ഒരു റണ്‍. അഫ്ഗാന്‍ നിരയില്‍ ബൗള്‍ ചെയ്ത എല്ലാവരും വിക്കറ്റ് നേടിയ മത്സരത്തില്‍ അവര്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കി. കോഹ്‌ലി ഒഴികെ മറ്റാര്‍ക്കും സ്‌കോറിങ് വേഗത കൂട്ടാനായില്ല.
കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ടിനോട് അടികൊണ്ടു വശം തളര്‍ന്ന റാഷിദ് ഖാനും കൂട്ടരും ആ ക്ഷീണം ഇന്ത്യയോടു തീര്‍ത്തു. സ്പിന്‍ ബൗള്‍ നന്നായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആ മികവ് അഫ്ഗാനെതിരേ ആവര്‍ത്തിക്കാനായില്ല. റാഷിദ് ഖാനും നബിയും മുജീബ് റഹ്മാനും ചേര്‍ന്ന് ഇന്ത്യയെ വെള്ളം കുടിപ്പിച്ചു.
67 റണ്‍സു നേടിയ കോഹ്‌ലിയുടെയും 52 റണ്‍സു നേടിയ കേദാര്‍ ജാദവിന്റെയും മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യന്‍ നിരയില്‍ അഞ്ചു പേര്‍ രണ്ടക്കം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."