സര്‍ക്കാര്‍ ഡയറി: വിവരം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് മടി
മലപ്പുറം: സര്‍ക്കാര്‍ ഡയറിയിലേക്കു വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മടി. 2019ലെ സര്‍ക്കാര്‍ ഡയറി തയാറാക്കുന്നതിനു ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം വിവരം നല്‍കണമെന്നു നിര്‍ദേശിച്ചിട്ടും 191 സ്ഥാപനങ്ങള്‍ വിവരം കൈമാറിയില്ല.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ വര്‍ഷങ്ങളില്‍ അച്ചടിച്ച ഡയറിയിലെ പാകപ്പിഴവുകള്‍ സംബന്ധിച്ചു നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിവരശേഖരണം കൃത്യമായി നടത്തിയ ശേഷം മതി അച്ചടിയെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊതുഭരണ വകുപ്പ് 2019ലെ ഡയറി തയാറാക്കുന്നതുമായി ബന്ധപ്പെട്ട വിവരശേഖരണം നേരത്തെ ആരംഭിച്ചത്. ഓഗസ്റ്റ് 31നകം ഓണ്‍ലൈന്‍വഴി മുഴുവന്‍ സ്ഥാപനങ്ങളും വിവരം കൈമാറണമെന്നറിയിച്ച് ജൂലൈ 30ന് അറിയിപ്പ് നല്‍കിയെങ്കിലും പകുതിയോളം സ്ഥാപനങ്ങളാണ് വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തിയത്്.
വിവരശേഖരണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു സെപ്റ്റംബര്‍ 15ലേക്കു തിയതി ദീര്‍ഘിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ 672 സ്ഥാപനങ്ങളില്‍നിന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടു യൂസര്‍ ഐ.ഡിയും പാസ്‌വേഡും നല്‍കിയത്. ഇതില്‍ 191 സ്ഥാപനങ്ങളാണ് 15നു ശേഷവും വിവരങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറുന്നതിന് ഈ മാസം 26 വരെ വീണ്ടും സമയം നീട്ടിനല്‍കിയിരിക്കുകയാണ്. ഈ സമയപരിധിക്കുള്ളില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങളുടെ വിവരം 2019ലെ സര്‍ക്കാര്‍ ഡയറിയില്‍നിന്നു നീക്കാനും തീരുമാനിച്ചിട്ടുണ്ട്.
തട്ടിക്കൂട്ടിയ വിവരങ്ങള്‍ അവസാന ഘട്ടത്തില്‍ ഉള്‍പ്പെടുത്തി തയാറാക്കിയതിനാലാണ് മുന്‍വര്‍ഷങ്ങളിലെല്ലാം സര്‍ക്കാര്‍ ഡയറിയില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയത്. ഡയറിയില്‍ മന്ത്രിമാരുടെ പട്ടിക നല്‍കിയപ്പോള്‍ അക്ഷരമാലാ ക്രമം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് 2017ലെ അച്ചടി മുഖ്യമന്ത്രി ഇടപെട്ടു നിര്‍ത്തിവയ്പിച്ചിരുന്നു. അന്ന് അച്ചടിച്ച 40,000 ഡയറികളുടെ ആദ്യ പേജുകള്‍ മാറ്റി പുതിയ പട്ടിക അച്ചടിച്ചുചേര്‍ത്താണ് വിതരണം ചെയ്തത്.
2018ല്‍ അച്ചടിച്ച സര്‍ക്കാര്‍ ഡയറിയിലും വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയിരുന്നു. വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെടുകയും പിന്നീട് സ്ഥാനമൊഴിയുകയും ചെയ്ത ചെയര്‍മാന്‍മാരാണ് കഴിഞ്ഞ വര്‍ഷത്തെ ഡയറിയിലുണ്ടായിരുന്നത്. ഇടതു സര്‍ക്കാര്‍ പുതിയ ചെയര്‍മാന്‍മാരെ വച്ചിട്ടും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാത്തതിനാലാണ് തെറ്റുകള്‍ തുടര്‍ന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍സൈക്ലോപീഡിയ, കില, ടെക്‌നോപാര്‍ക്ക്, പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ തെറ്റായി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."