വീഴ്ചകളുടെ ഒരുവര്‍ഷം
'അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കും' എന്ന പരസ്യപ്പലകകള്‍ മഴയും വെയിലുമേറ്റു നിറം മങ്ങിയിരിക്കുന്നു. 'ഒന്നും ശരിയാക്കാത്ത ഭരണ'മെന്ന ചിന്തയാണ് ഇന്നു ജനങ്ങളുടെ മനസ്സിലുള്ളത്. മതനിരപേക്ഷ, അഴിമതിരഹിത ഭരണം, സമാധാനവും വികസനവും, സ്ത്രീസുരക്ഷ തുടങ്ങിയ മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയവര്‍ ഇന്നു നിരാശമാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. പിണറായി കടലാസുപുലിയാണെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു.
ഭരണമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും ഒരു വര്‍ഷത്തെ പ്രസ്താവന കൂട്ടിക്കെട്ടിയാല്‍ എല്‍.ഡി.എഫ്. ഭരണത്തിന്റെ കോട്ടങ്ങളുടെ പട്ടികയാവും. ഐക്യവും കൂട്ടുത്തരവാദിത്വവുമില്ലാത്ത ഇവര്‍ക്കെങ്ങനെ ഒന്നാംവര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങളില്‍ ഒരുമിച്ച് അഭിമാനിക്കാന്‍ കഴിയും.
സ്വപ്‌നംകണ്ട ഒരു വികസനപദ്ധതിക്കും തുടക്കം കുറിക്കാന്‍ കഴിഞ്ഞില്ല. കിഫ്ബിയെക്കുറിച്ചു ധനമന്ത്രി സംസാരിക്കുമ്പോള്‍ മലര്‍പ്പൊടിക്കാരന്റെ മനോരാജ്യകഥ ഓര്‍മ വരും. സമാധാനജീവിതം തകര്‍ത്ത കുറ്റകൃത്യങ്ങളുടെ കണക്കു സര്‍ക്കാരിന്റെ ഒന്നാംവര്‍ഷത്തിനുള്ള കുറ്റപത്രമാണ്. രാഷ്ട്രീയകൊലപാതകങ്ങള്‍, അക്രമങ്ങള്‍, സംഘട്ടനങ്ങള്‍, സ്ത്രീപീഡനങ്ങള്‍, കുട്ടികളുടെ കൊലപാതകങ്ങള്‍, കസ്റ്റഡിമരണങ്ങള്‍, ബലാത്സംഗങ്ങള്‍, ദലിത്പീഡനങ്ങള്‍ എന്നുവേണ്ട സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും പ്രവര്‍ത്തകര്‍ നടത്തിയ കൈയേറ്റങ്ങളുടെയും അക്രമങ്ങളുടെയും പട്ടിക നിരത്തിയാല്‍ ക്രമസമാധാന നിലയുടെ തകര്‍ച്ചയുടെ ആഴം ബോധ്യമാവും.
എല്ലാ ക്രിമിനല്‍ കേസിലും പ്രതിഭാഗത്തോ വാദിഭാഗത്തോ സി.പി.എം പ്രവര്‍ത്തകരുണ്ടാവും. മാര്‍ക്‌സിസ്റ്റുവല്‍കരിച്ച പൊലിസ് നിഷ്പക്ഷവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാത്തതുമൂലം സാധാരണക്കാര്‍ക്കു നീതി നിഷേധിക്കപ്പെടുന്നു. പൊലിസിലെ ചേരിപ്പോരും തര്‍ക്കങ്ങളും സേനയുടെ അച്ചടക്കത്തെ തകര്‍ക്കുകയും കാര്യക്ഷമത ഇല്ലാതാക്കുകയും ചെയ്തു.
രൂക്ഷമായ വിലക്കയറ്റം കുടിവെള്ളത്തിനുവേണ്ടിയുള്ള നെട്ടോട്ടം, റേഷന്‍ സാധനങ്ങള്‍പോലും ലഭ്യമല്ലാത്ത ദുരവസ്ഥ, കറന്റ് ചാര്‍ജ് വര്‍ധനയിലൂടെ ഇരുട്ടടി, ഇഴഞ്ഞുനീങ്ങുന്ന ഭരണം-സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തിന്റെ പ്രതിഫലനമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ ഉജ്ജ്വലവിജയം സര്‍ക്കാരിനുള്ള ജനകീയ താക്കീതാണ്.
അനധികൃത കൈയേറ്റങ്ങളുടെ വിളനിലമായ മൂന്നാറില്‍ ശക്തമായ നടപടി സ്വീകരിച്ച ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രിയും മന്ത്രി എം.എം മണിയും പരസ്യമായി ശാസിക്കുന്നതുകേട്ട് കേരളം ഞെട്ടി. സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനിന്നതോടെ ഒഴിപ്പിക്കല്‍ നിലച്ചു. പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാസംഘത്തിന്റെ ഉടമസ്ഥതയിലുള്ള താത്ക്കാലിക ആരാധനാലയം പൊളിച്ചതിനെതിരേ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് കൈയേറ്റക്കാര്‍ക്കുള്ള പച്ചക്കൊടിയായിരുന്നു.
പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ നീതി തേടിയെത്തിയ അമ്മ മഹിജയെ ഡി.ജി.പി ഓഫിസിനു മുന്നില്‍ വലിച്ചിഴച്ചതു കേരളം ഞെട്ടലോടെയാണ് കണ്ടത്. ആ അമ്മയ്ക്കു നല്‍കിയ വാക്ക് ഇതുവരെ പാലിച്ചില്ല. 'സമരംകൊണ്ട് എന്തു നേടി'യെന്നു പരിഹസിക്കുകയും ചെയ്തു.
തനിക്കെത്ര ഉപദേഷ്ടാക്കളുണ്ടെന്നറിയാത്ത മുഖ്യമന്ത്രിയാണു ഭരിക്കുന്നത്. ആറു പേരുണ്ടെന്നും അതല്ല എട്ടുപേരുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ മറുപടി നല്‍കി. മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചെങ്കിലും വിവാദത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമേറ്റില്ല. സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫ. ഗീതാ ഗോപിനാഥിനെ. ഏറ്റവുമൊടുവില്‍ മുന്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവയെ പൊലിസ് ഉപദേഷ്ടാവായി നിയമിച്ചതും വിവാദമായി.
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായി. വാളയാര്‍ അട്ടപ്പള്ളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളായ ദലിത് സഹോദരിമാര്‍ രണ്ടരമാസത്തെ ഇടവേളയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രാഥമികാന്വേഷണത്തില്‍ പൊലിസിനു ഗുരുതരമായ വീഴ്ച സംഭവിച്ചു.
പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന റേഷന്‍ സംവിധാനം താറുമാറായി. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ചരിത്രത്തിലാദ്യമായി റേഷന്‍ വിതരണം മുടങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അരി വില മാനംമുട്ടെയാണു കുതിച്ചു കയറിയത്.
സത്യസന്ധനെന്നും കാര്യശേഷിയുള്ള ഓഫിസറെന്നും പേരെടുത്ത ടി.പി. സെന്‍കുമാറിനെ വ്യക്തിവിരോധത്തിന്റെ പേരില്‍ അപമാനിച്ച് ഡി.ജി.പി സ്ഥാനത്തുനിന്ന് ഇറക്കിവിട്ട സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ മാപ്പിരക്കുകയും പിഴ ഒടുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഐ.എ.എസുകാരും ഐ.പി.എസുകാരുമായ ഭരണമേധാവികള്‍ പരസ്യമായി വിഴുപ്പലക്കല്‍ നടത്തി. വിജിലന്‍സ് ഡയറക്ടറെ കയറൂരിവിട്ടതായിരുന്നു തുടക്കം. അതോടെ ഭരണം സ്തംഭിച്ചിരിക്കുന്നു. ഒരു ഫയലും നീങ്ങുന്നില്ല.
പാവപ്പെട്ടവരെക്കുറിച്ചു മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ അവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുകയാണ് ചെയ്യുന്നത്. അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ ക്ഷേമപെന്‍ഷനുകള്‍ പോലും നിഷേധിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ 32 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. ഈ സര്‍ക്കാര്‍ മൂന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നിഷേധിച്ചത്. തുച്ഛമായ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നു എന്ന് പറഞ്ഞാണ് ഈ ക്രൂരത.ജിഷ വധക്കേസ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് സ്ത്രീ സുരക്ഷ തകര്‍ന്നു എന്ന് പ്രചാരണം നടത്തിയാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതെങ്കിലും സര്‍ക്കാരും ഇടതു മുന്നണിയും ജിഷയെ മറക്കുകയാണു ചെയ്തത്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ കുറ്റപത്രം തയാറാക്കിയപ്പോള്‍ ഗുരുതര വീഴ്ചയുണ്ടായി.
അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ച് വോട്ട് പിടിച്ച ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുന്ന കാഴ്ചയാണു കണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളിലെല്ലാം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റി. മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി ജയരാജന്‍ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇയുടെ എം.ഡിയായും സഹോദരന്റെ മകള്‍ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആന്റ് സിറാമിക്‌സ് ജനറല്‍ മാനേജരായും നിയമിച്ചു. ഡസന്‍ കണക്കിന് ബന്ധുനിയമനങ്ങള്‍ വേറെയുമുണ്ടായിരുന്നു.
ടെലിഫോണില്‍ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയതിന് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് നാണംകെട്ടു രാജിവയ്‌ക്കേണ്ടി വന്നു. കൊലക്കേസില്‍ പ്രതിയായിരിക്കെ എം.എം മണിയെ മന്ത്രിയാക്കി. മണി നല്‍കിയ വിടുതല്‍ ഹരജി കോടതി തള്ളി. എന്നിട്ടും മണി മന്ത്രിയാണ്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും വീണ്ടും തലപൊക്കി. കണ്ണൂര്‍ വീണ്ടും ചോരക്കളമായി. സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ച് കൊലപാതകങ്ങള്‍ നടത്താന്‍ തുടങ്ങി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. അതില്‍ നാലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. കസ്റ്റഡി മരണങ്ങളും തുടര്‍ക്കഥയായി.
സി.പി.എം പ്രാദേശിക നേതാക്കളുടെ ഗുണ്ടാപ്രവര്‍ത്തനവും സ്ത്രീപീഡനവും മറനീക്കി പുറത്തുവന്നു. വടക്കാഞ്ചേരി സ്ത്രീപീഡനക്കേസില്‍ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ ആരോപണവിധേയരായി. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞായിരുന്നു ഗുണ്ടാസംഘത്തിന്റെ വിളയാട്ടം. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തുകയും ഗുണ്ടാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് മടിയായിരുന്നു. തിരുവനന്തപുരം ലോ കോളജ് ലോ അക്കാദമിയില്‍ സമരം 29 ദിവസം നീണ്ടുനിന്നത് സര്‍ക്കാരിന്റെ പിടിവാശി മൂലമായിരുന്നു.
ഭരണ മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാണ്. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നിലും ഇവര്‍ തമ്മില്‍ ആശയപ്പൊരുത്തമില്ല. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലും, മന്ത്രിസഭാ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പേരില്‍ വെളിപ്പെടുത്തുന്ന കാര്യത്തിലും, ലോ അക്കാദമി സമരത്തിന്റെ പേരിലും സി.പി.ഐ,സി.പി.എമ്മിനെ തള്ളിപ്പറഞ്ഞു.
അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് വി.എസ്. അച്യുതാനന്ദന്‍ വിളിച്ച ഒരു മുദ്രാവാക്യം സി.പി.എമ്മുകാര്‍ നാടൊട്ടുക്ക് ആവര്‍ത്തിച്ചതാണ്. 'ഇതുപോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ല' എന്നായിരുന്നു ആ മുദ്രാവക്യം. അതിപ്പോള്‍ കൂടുതല്‍ സത്യസന്ധമായി വിളിക്കാന്‍ പറ്റിയ കാലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."