ദേശീയപാത വികസിപ്പിക്കാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്
(ദേശീയപാതാ വികസനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും പരിഹാരം നിര്‍ദേശിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
വി.എം സുധീരന്‍ പൊതുമരാമത്തു വകുപ്പുമന്ത്രി ജി. സുധാകരന് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍)
ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പു പലയിടത്തും സങ്കീര്‍ണമായതിനു കാരണം സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെ പൊലിസിനെ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ നടത്തിയ അഴിഞ്ഞാട്ടമാണ്. നേരത്തേ നിശ്ചയിച്ച അലൈന്‍മെന്റ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും സമ്പന്നര്‍ക്കും വേണ്ടി മാറ്റിമറിച്ചതും ജനരോഷത്തിനിടയാക്കി. ഇത്തരം പിടിവാശികള്‍ ഉപേക്ഷിച്ചു കേള്‍ക്കേണ്ടവരെ കേട്ടും പരിഹരിക്കേണ്ടവ പരിഹരിച്ചുമാണു മുന്നോട്ടു നീങ്ങേണ്ടത്.
45 മീറ്റര്‍ വീതി നിര്‍ബന്ധിതമാണെങ്കില്‍ ഇപ്പോള്‍ അത്രയും അളവില്‍ സ്ഥലം ലഭ്യമായിടങ്ങളില്‍ പണിയാരംഭിക്കുന്നതാണു നല്ലത്. ബാക്കിയിടങ്ങളില്‍ സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് എല്ലാ ആനുകൂല്യവും പുനരധിവാസ പാക്കേജും നിയമപരമായി ഉറപ്പുവരുത്തി മുന്നോട്ടുപോകണം. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സ്ഥലമുടമകളുടെ പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന പ്രാദേശിക ഏകോപന സമിതികള്‍ രൂപീകരിക്കുന്നതു നന്നായിരിക്കും. സംസ്ഥാനാടിസ്ഥാനത്തിലും ഇത്തരമൊരു ഏകോപനസമിതി വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാകുന്നതു നല്ലതായിരിക്കും.
വിശദ പദ്ധതി റിപ്പോര്‍ട്ട്, സാധ്യതാ പഠന റിപ്പോര്‍ട്ട് എന്നിവ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി വേണം നഷ്ടപരിഹാര, പുനരധിവാസ പാക്കേജ് തയാറാക്കാന്‍. പരിസ്ഥിതി, സാമൂഹ്യാഘാത പഠനങ്ങള്‍ വിലമതിക്കണം. ജീവിതം പറിച്ചു മാറ്റപ്പെടുന്നവര്‍ക്കു മറ്റൊരു ജീവിതം നയിക്കാന്‍ ന്യായമായ മാര്‍ഗമൊരുക്കിയാല്‍ ദേശീയപാതാ വികസന പദ്ധതി സുഗമമായി നടപ്പാക്കാനാകും.
കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവരുടെയും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെയും മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാകണം. മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഭൂമി ഏറ്റെടുക്കുന്ന കാഴ്ചപ്പാടിലൂടെയാണവര്‍ ഉയര്‍ന്ന ജനസാന്ദ്രത, ഭൂമിയുടെ ലഭ്യതക്കുറവ്, ഉയര്‍ന്ന ഭൂമിവില, റിബണ്‍ ഡവലപ്‌മെന്റ് തുടങ്ങിയ പ്രശ്‌നങ്ങളുള്ള കേരളത്തെ നോക്കിക്കാണുന്നത്.
കേരളത്തിലെ ഉയര്‍ന്ന ഭൂമിവിലയും റിബണ്‍ ഡവലപ്‌മെന്റും ഭൂദൗര്‍ലഭ്യവും പരിഗണിച്ചു ദേശീയപാതാ വികസന പദ്ധതി ആവിഷ്‌ക്കരിക്കുന്നതില്‍ അതോറിറ്റിക്കു വീഴ്ച സംഭവിച്ചിട്ടുണ്ട്. ബി.ഒ.ടിയിലൂടെ ടോള്‍ പിടിച്ചുപറി നടത്താന്‍ കാത്തുനില്‍ക്കുന്നവരുടെ സമ്മര്‍ദത്തിനു വഴങ്ങി 45 മീറ്ററില്‍ കുറയ്ക്കില്ലെന്ന കടുംപിടുത്തം കാര്യങ്ങള്‍ അവതാളത്തിലാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്റര്‍ ഉപയോഗിച്ചു നാലും ആറും വരി പാതകളുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലാകട്ടെ, പതിറ്റാണ്ടുകള്‍ക്കു മുന്‍പു ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത 30 മീറ്റര്‍ പാഴായിക്കിടക്കുകയാണ്.
നിലവിലുള്ള ദേശീയപാത വീതികൂട്ടുന്നത് അപ്രായോഗികമാണെന്നു കണ്ടാണ് 1997ല്‍ തെക്കുവടക്കു പാത നിര്‍ദേശിക്കപ്പെട്ടത്. 30 മീറ്ററില്‍ ആറുവരിയായി വികസിപ്പിക്കണമെന്ന 2010 ലെ സര്‍വകക്ഷിയോഗ തീരുമാനവും 2011 ലെ പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി തീരുമാനവും 2014 ലെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനവും ഇതേ കാരണത്താലായിരുന്നു. അന്നു കണ്ട കാരണങ്ങള്‍ ഇന്ന് പലമടങ്ങായി വര്‍ധിച്ചിരിക്കെ, അതോറിറ്റിയുടെ പുതിയ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് അശാസ്ത്രീയവും ആശങ്കാജനകവുമാണ്. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തേണ്ടിവരും. പതിനായിരക്കണക്കിനു വ്യാപാരികളും തൊഴിലാളികളും വഴിയാധാരമാകും.
മൂന്നു പതിറ്റാണ്ടു മുന്‍പ് ബൈപാസുകള്‍ക്കുവേണ്ടി 45 മീറ്ററും മറ്റിടങ്ങളില്‍ 30 മീറ്ററും വീതിയില്‍ ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടും ഏഴുമീറ്ററില്‍ രണ്ടുവരി പാത (ഇടപ്പള്ളി മൂത്തകുന്നം ഭാഗത്ത് അതുപോലുമില്ല) നിര്‍മിച്ചു കേരളത്തെ അവഗണിച്ചവരാണ് ദേശീയപാതാ അതോറിറ്റി. 45 മീറ്റര്‍ ഏറ്റെടുത്ത കൊല്ലം, ആലപ്പുഴ ബൈപാസുകളില്‍ ഇപ്പോള്‍ പോലും നിര്‍മിക്കുന്നതു രണ്ടുവരിപ്പാതയാണ്.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് 2013 ലെ നിയമപ്രകാരം എല്ലാ ആനുകൂല്യവും പുനരധിവാസവും ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഭൂമിയേറ്റെടുപ്പിനുള്ള വിജ്ഞാപനവും നടപടികളും 1956 ലെ പഴയ ദേശീയപാതാ നിയമമനുസരിച്ചാണ്. വിശദ പദ്ധതി റിപ്പോര്‍ട്ട്, സാധ്യതാപഠന റിപ്പോര്‍ട്ട്, പരിസ്ഥിതി,സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് എന്നിവ തയാറാക്കുന്നതിനു മുന്‍പ് ഭൂമിയേറ്റെടുപ്പു തുടങ്ങിയതും കേന്ദ്രസര്‍ക്കാരില്‍ ഭൂമി നിക്ഷിപ്തമാക്കുന്ന 3 ഡി നോട്ടിഫിക്കേഷനിറക്കിയതും സംശയാസ്പദമാണ്. അപാകതകളും കണക്കുകളിലെ തട്ടിപ്പും ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി പൊതുമരാമത്തു സെക്രട്ടറിയോട് ഉത്തരവിട്ടിട്ടുണ്ട്.
വീട്, വരുമാനം, വ്യാപാരം, തൊഴില്‍ എന്നിവ നഷ്ടപ്പെടുന്നവര്‍ക്കു പ്രത്യേക പുനരധിവാസ പാക്കേജ് തയാറാക്കുകയോ 2013 ലെ നിയമവ്യവസ്ഥയനുസരിച്ചു പുനരധിവാസ സമിതിയെയോ അഡ്മിനിസ്‌ട്രേറ്ററെയോ നിയമിച്ചിട്ടോ ഇല്ല. മിക്ക ജില്ലകളിലും ബൈപാസുകളെപ്പറ്റിയും അലൈന്‍മെന്റുകളെപ്പറ്റിയും പരിസ്ഥിതി,സാമൂഹികാഘാതം ഗണ്യമായി വര്‍ധിപ്പിക്കുന്ന നിലയിലാണെന്നും വയലുകളും ചതുപ്പുകളും വന്‍തോതില്‍ നികത്തപ്പെടുമെന്നും വമ്പന്‍ മുതലാളിമാരെയും സ്ഥാപനങ്ങളെയും രക്ഷിക്കാന്‍ വേണ്ടി ദലിതരുള്‍പ്പെടെയുള്ള പാവങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കുന്ന തരത്തിലാണെന്നും മറ്റുമുള്ള ശക്തമായ ആരോപണമുണ്ട്.
തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ച് ഒന്നരപ്പതിറ്റാണ്ടായി നടക്കുന്ന ജനകീയ സമരങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടത്താതെ പൊലിസിനെ ഉപയോഗിച്ച് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്.
പരിഹാര നിര്‍ദേശങ്ങള്‍
1. ഓരോ വില്ലേജിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്, പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, വ്യാപാരം, തൊഴില്‍, ജീവനോപാധികള്‍ എന്നിവയെല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം, 2013 ലെ നിയമപ്രകാരം നഷ്ടപരിഹാര പുനരധിവാസ പ്രക്രിയക്കു വരുന്ന ചെലവ് എന്നിവ സംബന്ധിച്ച സത്യസന്ധമായ കണക്കുണ്ടാക്കണം.
2. ഈ കണക്ക് സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ചു അത്രയും തുക കണ്ടെത്താന്‍ കഴിയുമോയെന്നു വിലയിരുത്തണം. സാധ്യമെങ്കില്‍ മാത്രമേ ജനങ്ങളെ കുടിയൊഴിപ്പിക്കാവൂ. അല്ലെങ്കില്‍, പദ്ധതി വരികയുമില്ല, പതിനായിരങ്ങള്‍ തെരുവാധാരമാകുകയും ചെയ്യും.
3. കേരളത്തിലെ ആകെ പദ്ധതിച്ചെലവ് 44,000 കോടിയാണെന്നും അതിന്റെ പകുതിയായ 22,000 കോടി സ്ഥലമെടുപ്പു ചെലവാണെന്നും അതിന്റെ നാലിലൊന്നായ 5500 കോടി സംസ്ഥാനം വഹിക്കണമെന്നുമാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര ഹൈവേ മന്ത്രി അറിയിച്ചത്. എന്നാല്‍ ജൂലൈ 7ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞത് ആകെ തുകയുടെ 70 ശതമാനത്തിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണ്. അതായത് 15,400 കോടി രൂപ. കേരളത്തിലെ ഭൂവിലയനുസരിച്ചു സ്ഥലമേറ്റെടുപ്പു മുന്നോട്ടുപോകുമ്പോള്‍ ഇതിന്റെ ഇരട്ടിയോളം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. അതു താങ്ങാന്‍ കേരളത്തിനാകില്ല.
4. സംസ്ഥാനത്തു തുടര്‍ച്ചയായി എലവേറ്റഡ് ഹൈവേ സാധ്യമാണോയെന്നു പരിശോധിക്കണം. സാധ്യമല്ലെങ്കില്‍ പ്രധാനപട്ടണങ്ങളിലും ജങ്ഷനുകളിലും മീഡിയനില്‍ സ്ഥാപിക്കുന്ന തൂണുകളിലൂടെ 30 മീറ്ററില്‍ നിര്‍മിക്കാന്‍ കഴിയുന്ന നാലോ ആറോ വരി പാത നിര്‍മിച്ചു സാമൂഹിക, പാരിസ്ഥിതികാഘാതം പരമാവധി കുറയ്ക്കണം. സാമ്പത്തികച്ചെലവും കുറയും.
5. ആവര്‍ത്തിച്ചു കുടിയൊഴിപ്പിക്കല്‍ നേരിടുന്ന, എതിര്‍പ്പു രൂക്ഷമായ, പ്രളയബാധിതമായ, ഭൂമിവില കൂടുതലുള്ള പ്രദേശങ്ങളിലും എലവേറ്റഡ് ഹൈവെയാണു സാമൂഹികമായും സാമ്പത്തികമായും ലാഭകരം. ഇതിനു സത്യസന്ധമായ പഠനം നടത്തണം.
6. 45 മീറ്റര്‍ പദ്ധതിക്കു ഭീമമായ നഷ്ടപരിഹാരം കണ്ടെത്തല്‍ കീറാമുട്ടിയാണെന്നു കേന്ദ്ര ഹൈവേ മന്തിയും വ്യക്തമാക്കിയ സാഹചര്യത്തില്‍ നിലവിലുള്ള 30 മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി നാലോ ആറോ വരി പാത നിര്‍മിച്ചു ഗതാഗതപ്രശ്‌നത്തിനു പരിഹാരം കാണണം. തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ തുടര്‍ച്ചയായും ബാക്കിയിടങ്ങളില്‍ പലയിടത്തും 30 മീറ്ററോ അധികമോ ഭൂമിയുണ്ട്.
7. 45 മീറ്റര്‍ നിര്‍ബന്ധമാണെങ്കില്‍ 2010 ഓഗസ്റ്റ് 17 ലെ സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനപ്രകാരം പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കണം.
8. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതിയും വാഹന നികുതിയും ഇന്ധന സെസ്സും റോഡ് നികുതിയും ഈടാക്കുന്ന കേരളത്തില്‍ ദേശീയപാതയിലെ ടോള്‍പിരിവ് ഒഴിവാക്കണം. ഹൈവേ സെസ് ഇനത്തില്‍ ഓരോ ലിറ്റര്‍ ഇന്ധനവിലയില്‍ നിന്ന് 9 രൂപ കേന്ദ്രം അടിച്ചെടുക്കുന്നുണ്ട്. അതിനുപുറമെയാണു മറ്റു നികുതികള്‍. ഓരോ വര്‍ഷവും പിരിച്ചെടുക്കുന്ന ആയിരക്കണക്കിനു കോടി രൂപയില്‍നിന്ന് കേരളത്തിനര്‍ഹമായ വിഹിതം അനുവദിക്കുകയാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."