HOME
DETAILS

വിവേചനം അരുത്,  അവകാശത്തിനായി ഒരുമിക്കാം 

  
backup
December 13, 2019 | 1:05 AM

8475213241413134941321231002341131-2
 
 
 
 
പൗരത്വബില്ലും വരാനിരിക്കുന്ന പൗരത്വപ്പട്ടികയും സമുദായവും പൊതുസമൂഹവും സൂക്ഷ്മതയോടെ വിലയിരുത്തുകയും സമാകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അവബോധത്തോടെ പ്രതികരിക്കുകയും ചെയ്യേണ്ട വിഷയമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ നിരവധി പുതിയ നിയമനിര്‍മാണങ്ങള്‍ എന്‍.ഡി.എ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം ഇതിനു വേഗം വര്‍ധിച്ചുവെന്നത് ശ്രദ്ധിക്കണം. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊണ്ടുവന്ന നിയമങ്ങളും ബില്ലുകളും നോക്കുക. മുത്വലാഖ് നിരോധനം, യു.എ.പി.എ നിയമ ഭേദഗതി, കശ്മിരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് 370ാം വകുപ്പ് റദ്ദാക്കിയത്, പൗരത്വബില്‍ എന്നിവയെല്ലാം പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണ്. ഇതോടൊപ്പം മനുഷ്യാവകാശ നിയമത്തിലെ ഭേദഗതി, വിവരാവകാശ നിയമത്തിന്റെ ഭേദഗതി, തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറച്ചുള്ള നിരവധി ഭേദഗതികള്‍ തുടങ്ങിയവ കൂടി ചേര്‍ത്തുവായിക്കണം.
രാജ്യം മനുഷ്യാവകാശങ്ങളില്ലാത്ത, പൗരരുടെ അറിയാനുള്ള അവകാശം നടപ്പാകാത്ത, സാധാരണക്കാരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്ന ഇടുങ്ങിയ സംവിധാനമാകുന്നത് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുക. ഇതോടൊപ്പമാണ് ബാബരി ഭൂമി മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്ന കോടതിവിധിയുണ്ടാകുന്നതെന്നും ശ്രദ്ധിക്കണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാവിധി മാറുന്ന തികച്ചും വിവേചനപൂര്‍ണമായ നിയമമാണ് മുത്വലാഖെന്ന് നിയമവിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്. മുത്വലാഖ് വിഷയത്തില്‍ മൂന്നു തവണയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും പിന്നീട് നിയമനിര്‍മാണം നടത്തുകയും ചെയ്തത്. 
യു.എ.പി.എ നിയമഭേദഗതി മുസ്‌ലിം യുവാക്കളെ വിചാരണയില്ലാതെ തടവിലിടാനും ഭീകരപ്രവര്‍ത്തനമെന്ന പേരില്‍ ദ്രോഹിക്കാനും പൊലിസിന് കൂടുതല്‍ സൗകര്യം നല്‍കും. മുസ്‌ലിംകള്‍ക്കെതിരേയാണ് യു.എ.പി.എ നിയമം ഏറ്റവും കൂടുതല്‍ ചാര്‍ത്തപ്പെട്ടതെന്നതോര്‍ക്കണം. കശ്മിരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ ശേഷം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട് നാലു മാസത്തോളമായി തുറന്ന ജയിലിലാണ് കശ്മിര്‍ ജനത. ബാബരി വിധിയാകട്ടെ സമകാലീന സാഹചര്യത്തിലെ മുസ്‌ലിംകള്‍ക്കെതിരായ ഏറ്റവും വലിയ അനീതിയായിരുന്നു. നീതി നടപ്പാക്കുകയെന്നതിലപ്പുറം രാഷ്ട്രീയ തീരുമാനമായിരുന്നു വിധി.
2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലെത്തിയ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍, സിഖ് എന്നീ ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി നല്‍കുന്നതാണ് പൗരത്വഭേദഗതിനിയമം. ഇതില്‍ നിന്ന് റോഹിംഗ്യര്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ മാത്രം ഒഴിവാക്കപ്പെട്ടു. അതോടൊപ്പം ശ്രീലങ്കയില്‍ നിന്ന് തമിഴ്പുലികളുടെ ഭീഷണി മൂലവും അല്ലാതെയും ഇന്ത്യയിലേക്ക് കുടിയേറി ക്യാംപുകളില്‍ കഴിയുന്ന മുസ്‌ലിംകളും അല്ലാത്തവരുമായ അഭയാര്‍ഥികളും തഴയപ്പെട്ടു. പൗരത്വഭേദഗതി നിയമത്തോടൊപ്പം പൗരത്വപ്പട്ടിക കൂടി വരുമ്പോഴാണ് ഇത് ഇന്ത്യന്‍ പൗരരായ മുസ്‌ലിംകള്‍ക്കു കൂടി അപകടകരമായി മാറുന്നത്. രാജ്യമെമ്പാടും പൗരത്വപ്പട്ടിക വരുമ്പോള്‍ രേഖകളിലെ ഏതെങ്കിലും തരത്തിലുള്ള പിഴവു മൂലം ഒരു മുസ്‌ലിം ഒഴിവാക്കപ്പെട്ടാല്‍ അയാളെ തടവുകേന്ദ്രത്തിലേക്ക് അയക്കാനും മറ്റു മതസ്ഥരാണ് തഴയപ്പെടുന്നതെങ്കില്‍ അവരെ പൗരത്വഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും സഹായിക്കുന്നതാണ് ഈ നിയമം. 
ഇത് എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ 14ാം വകുപ്പിന്റെ ലംഘനമാണ്. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നാണ് 14ാം വകുപ്പിനെ വിശേഷിപ്പിക്കുന്നത്. ഫലത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്നെത്തി എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ പൗരത്വം നേടാം. ലോകമെമ്പാടുമുള്ള ജൂതര്‍ക്കു മാത്രം എപ്പോള്‍ വേണമെങ്കിലും പൗരത്വമെടുക്കാവുന്ന ഇസ്‌റാഈലിലാണ് ഇതിനു സമാനമായ നിയമമുള്ളത്.
മതാടിസ്ഥാനത്തിലാണ് ഇന്ത്യയും പാകിസ്താനുമുണ്ടായതെന്നും ഭൂരിപക്ഷ ഹൈന്ദവ പ്രദേശങ്ങളെ ഇന്ത്യയായും ഭൂരിപക്ഷ മുസ്‌ലിംപ്രദേശങ്ങളെ പാകിസ്താനായും വിഭജിച്ചുവെന്നും അതിനാലാണ് ബില്ലെന്നുമാണ് അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്ന മുസ്‌ലിംകളല്ലാത്തവരെ രാജ്യത്തു തന്നെ തുടരാന്‍ അനുവദിക്കാനും മുസ്‌ലിംകളെ മാത്രം തടവുകേന്ദ്രങ്ങളിലേക്ക് അയക്കാനുമുള്ള ബി.ജെ.പി, ആര്‍.എസ്.എസ് ശക്തികളുടെ പദ്ധതിയുടെ ഭാഗമാണ് പൗരത്വബില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അസമില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പൗരത്വ പട്ടികയെ സര്‍ക്കാര്‍ നിരാകരിച്ച് അസമിലും പുതിയ പൗരത്വ പട്ടിക നടപ്പാക്കാന്‍ പോകുകയാണെന്നതില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാകും. അസമില്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷം പേരില്‍ 12 ലക്ഷത്തോളം ഹിന്ദുക്കളാണ്. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കും വിധം നേരത്തെ പൗരത്വം നിഷേധിക്കപ്പെട്ടവരാണെങ്കിലും പുതിയ നിയമപ്രകാരം പൗരത്വം നല്‍കാമെന്ന വ്യവസ്ഥ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016ല്‍ സര്‍ക്കാര്‍ ഇതേ ബില്ല് കൊണ്ടുവന്നപ്പോള്‍ ഈ വ്യവസ്ഥ അതിലുണ്ടായിരുന്നില്ല.
ഫലത്തില്‍ ബില്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. മാത്രമല്ല അസം പൗരത്വപ്പട്ടികയും ഇല്ലാതായിട്ടുണ്ട്. രാജ്യമെമ്പാടും പുതിയ പൗരത്വപ്പട്ടിക തയാറാക്കുമ്പോള്‍ അസമിലും പുതിയ പൗരത്വപ്പട്ടിക നടപ്പാക്കും. അതിനുള്ള മാനദണ്ഡം എന്താണെന്ന് സര്‍ക്കാര്‍ പറയാന്‍ പോകുന്നതേയുള്ളൂ. ഇതര രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയവര്‍ നമ്മുടെ രാജ്യത്തെ ഇഷ്ടപ്പെട്ട് പുതിയ ആകാശവും ഭൂമിയും കണ്ടുവന്നവരാണ്. അവരെ ആട്ടിപ്പറുത്താക്കുന്നതിനു പകരം ചേര്‍ത്തുനിര്‍ത്തുന്ന പഴയ പാരമ്പര്യമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. 
സ്വാതന്ത്ര്യസമര കാലംമുതല്‍ ഒരുമയോടെ ജീവിച്ചു രാജ്യത്തിനായി പോരാടിയ വിശാലമായ പാരമ്പര്യമുള്ളവരാണ് മുസ്‌ലിംകള്‍. രാജ്യത്തിന്റെ മണ്ണും മനസ്സും കീഴടക്കാനെത്തിയ വൈദേശികര്‍ക്കെതിരേ സന്ധിയില്ലാതെ പോരാടിയവരാണ് മുസ്‌ലിംകള്‍. രാജ്യക്കൂറില്‍ അവര്‍ ഇതുവരെ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ മുസ്‌ലിംകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്നിങ്ങോട്ട് ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വൈമനസ്യമില്ലാതെ സഹവര്‍ത്തിത്വത്തോടെ സഹകരിച്ചിരുന്നു. അത് ഇനിയും തുടരും. തീവ്രവാദത്തെയും രാജ്യവിരുദ്ധതയെയും എന്നും എതിര്‍ത്തിട്ടുണ്ട്. 
നീതിയില്‍ വിവേചനമുണ്ടാവരുതെന്നും തുല്യമായിരിക്കണമെന്നുമാണ് നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്നത്. വിഭജനത്തിന്റെ ശബ്ദങ്ങളെ ഒരുമിച്ചിരുന്ന് എതിര്‍ക്കേണ്ടതുണ്ട്.  ഭരണഘടനയ്ക്കും സമുദായത്തിനുമെതിരേ ഉയരുന്ന വെല്ലുവിളികളെ നാം ശക്തമായ പ്രതിഷേധം കൊണ്ട് ചെറുത്തു തോല്‍പ്പിക്കണം. ജന്മ ഗൃഹത്തില്‍നിന്ന് അന്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കണം. മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരും അതില്‍ പങ്കാളികളാകണം. വിവേചനത്തിന്റെ പൗരത്വ നിയമം രാജ്യത്തു നടപ്പാകുന്ന സാഹചര്യത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍  നാളെ കോഴിക്കോട് പൗരത്വ സംരക്ഷണ സമ്മേളനം നടത്തുന്നത്. അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പടുന്ന സമയത്ത് പ്രസ്തുത സംഗമത്തില്‍ പങ്കാളികളാവാന്‍ നിങ്ങളെ ക്ഷണിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ

Kerala
  •  7 days ago
No Image

വീടുപണിയിൽ വഞ്ചന: 56 ചാക്ക് സിമന്റ് കട്ടപിടിച്ചു: കരാറുകാരന് വൻതുക പിഴയിട്ട് എറണാകുളം ഉപഭോക്തൃ കമ്മിഷൻ

Kerala
  •  7 days ago
No Image

മൂന്നാം തവണയും അധികാരം പിടിക്കാൻ പദ്ധതിയുമായി മുഖ്യമന്ത്രി; 110 മണ്ഡലത്തിൽ വിജയിക്കാനുള്ള പദ്ധതി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു

Kerala
  •  7 days ago
No Image

പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി

National
  •  7 days ago
No Image

ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്

International
  •  7 days ago
No Image

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

International
  •  7 days ago
No Image

ആർത്തവം പരിശോധിക്കാൻ വസ്ത്രം ഊരി നോക്കണോ? എൻ.എസ്.എസ് ക്യാമ്പിനിടെ വിദ്യാർഥിനികൾക്ക് നേരെ കോളേജ് അധ്യാപകരുടെ അശ്ലീല പരാമർശം; പരാതിയുമായി 14 പെൺകുട്ടികൾ

Kerala
  •  7 days ago
No Image

പുതുവർഷത്തിൽ യുഎഇയിലെ ആദ്യ മഴ ഫുജൈറയിൽ; എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

uae
  •  7 days ago
No Image

100 സീറ്റിൽ കുറഞ്ഞൊന്നുമില്ല; സച്ചിൻ പൈലറ്റും കനയ്യയും കേരളത്തിലേക്ക്; പടയൊരുക്കവുമായി കോൺഗ്രസ്

Kerala
  •  7 days ago
No Image

പരിക്കിനെ അതിജീവിച്ച് സൂപ്പർതാരം കളത്തിലേക്ക്; ഇന്ത്യക്ക് കരുത്ത് കൂടുന്നു

Cricket
  •  7 days ago