'പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണം' യു.പി- കര്‍ണാടക സര്‍ക്കാരുകള്‍ കേന്ദ്രത്തെ സമീപിച്ചു
യു.പി ഡി.ജി.പി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ഫ്രണ്ടാണെന്ന് യു.പി ഉപമുഖ്യമന്ത്രി മൗര്യയും പറഞ്ഞു
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഡി.ജി.പി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ഉത്തര്‍പ്രദേശിലെ പൗരത്വനിയമ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പി ഓംപ്രകാശ് സിങ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്. ഉത്തര്‍പ്രദേശിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ഫ്രണ്ടാണെന്നാണ് ആരോപണം.
ഡിസംബര്‍ 19ന് നടന്ന സമരത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം അന്വേഷണത്തില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു. അതിനാല്‍ അടിയന്തരമായി നിരോധിക്കണമെന്നാണ് ആവശ്യം. സമരവുമായി ബന്ധപ്പെട്ട് 23 പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും ഇതില്‍ നിന്ന് അക്രമങ്ങളില്‍ അവരുടെ പങ്കാളിത്തം വ്യക്തമാണെന്നും ഡി.ജി.പി പറഞ്ഞു. പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ കേസുകള്‍ ചുമത്തുമെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ഓംപ്രകാശ് സിങ് പറഞ്ഞു.
സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ഫ്രണ്ടാണെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. അതിനിടെ കര്‍ണാടകത്തിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."