ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ചതിന് ഇടുക്കി സ്വദേശിക്കെതിരേ കേസ്
തൊടുപുഴ: ബ്ലൂവെയില്‍ ഗയിം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരേ പൊലിസ് കേസെടുത്തു. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. യുവാവിന്റെ ഫോണ്‍ സൈബര്‍ സെല്ലിന്റെ അന്വേഷണത്തിനായി മുരിക്കാശേരി പൊലിസ് കസ്റ്റഡിയിലെടുത്തു. മുരിക്കാശേരി സ്വദേശിയെ കൗണ്‍സിലിംഗിനു വിധേയമാക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്കു അയച്ചു.
നാലു ടാസ്‌ക് കളിച്ച യുവാവിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ബ്ലൂവെയ്ല്‍ കളിച്ചുവെന്നു കാണിച്ചു ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പൊലിസ് ചോദ്യം ചെയ്യാന്‍ കാരണം. എന്നാല്‍ ചോദ്യം ചെയ്തശേഷം യുവാവിനെ പറഞ്ഞുവിട്ടിരുന്നു. ഉപദേശിച്ചു വിട്ട യുവാവ് വീണ്ടും കളിക്കുമെന്നും മരണത്തെ അതിജീവിക്കുമെന്നും സുഹൃത്തിനോടുപറഞ്ഞതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് പ്രശ്‌നമായത്.
യുവാവ് നാലു ടാസ്‌ക് വരെ കളിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്നു. വേദനയില്ലാത്ത ഒരു അവസ്ഥയിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണെന്നും മരണത്തെ അതിജീവിച്ചു കാണിച്ചു കൊടുക്കാനാണ് കളിക്കുന്നതെന്നും യുവാവ് പറയുന്നു. അവസാനത്തെ വേദന അറിയാതെയിരിക്കാന്‍ കളി ആരംഭിക്കുന്നതു മുതല്‍ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കും. ശരീരത്തില്‍ കീറിമുറിക്കുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. നിരവധിപേര്‍ ഈ കളിയില്‍ അടിമകളാണെന്നും യുവാവിനറിയാം.
ഈ ഗെയിമിനു അമ്പതു ദിവസം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന 15 സ്റ്റേജും 50 ടാസ്‌ക്കുമുണ്ട്. ആദ്യത്തെ ടാസ്‌ക്ക് എഫ് 57 എന്നു ശരീരത്തില്‍ എഴുതണം. തുടര്‍ന്നു ഈ ചിത്രം പകര്‍ത്തി അവര്‍ക്കു അയച്ചു കൊടുക്കണം. രണ്ടാമത്തെ ടാസ്‌ക്ക് ഞരമ്പ് മുറിക്കണം. മൂന്നാമത്തേതു അതിരാവിലെ 4.30നു എഴുന്നേറ്റു പ്രേതസിനിമകള്‍ കാണണം. അടുത്ത ടാസ്‌ക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണുക.
ഓരോ ടാസ്‌ക്കും ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശിക്ഷയുണ്ടാകും. തുടക്കത്തില്‍ തന്നെ ശരീരം കീറിമുറിക്കുന്ന പ്രവണത സൃഷ്ടിക്കും. കളിയില്‍ നിന്നും പിന്‍മാറാന്‍ ശ്രമിച്ചാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യും. കളി ആരംഭിക്കുന്നതിനു മുമ്പു തന്നെ കളിക്കുന്ന കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും ഇവരുടെ കൈയില്‍ കിട്ടുന്നതു കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കില്ല. ഈ കളി ഉപേക്ഷിക്കാന്‍ തയാറല്ലെന്നാണ് യുവാവ് പറയുന്നത്. ഒരു രസത്തിനു കളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചാലും ബ്ലാക്ക് മെയില്‍ചെയ്യും.
ഇടയ്ക്കിടെ ശിക്ഷയായി ശരീരത്തില്‍ മുറിവ് ഉണ്ടാക്കണം. ആദ്യത്തെ 20 വെല്ലുവിളികള്‍ നല്കി ശരീരത്തില്‍ മുറിവ് വരുത്തുന്നതും ഈ കളിയുടെ ഭാഗമാണ്. നിയമാനുസൃതമല്ലാത്ത സൈറ്റ് ഉപയോഗിക്കുന്നവരുടെയും സോഫ്റ്റ്‌വെയര്‍ പഠിച്ചവരില്‍ നിന്നുമാണ് ഗെയിം കിട്ടുന്നത്. ഇവര്‍ ക്ഷണിക്കുമ്പോള്‍ താല്‍പര്യമുള്ളവര്‍ കടന്നു കയറുകയാണ്. ആത്മഹത്യ പ്രവണതയുള്ളവര്‍ പെട്ടെന്നു ഈ കളിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. വേദന അറിയാത്ത മനസു സൃഷ്ടിക്കുന്നുവെന്ന ക്ഷണത്തോടെയാണ് കളി ആരംഭിക്കുന്നത്. മരണത്തെ അതീജിവിക്കാന്‍ മത്സരിക്കുമ്പോഴാണ് ദാരുണമായ ദുരന്തം സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."