ഹാഷിഷ് ഓയില്‍ കച്ചവടം പിടിയിലാകുന്നത് ചെറുമീനുകള്‍ മാത്രം
തൊടുപുഴ: കോടികളുടെ ഹാഷിഷ് ഓയിലുമായി ശിവസേന നേതാവടക്കം മൂന്നുപേര്‍ പിടിയിലായെങ്കിലും വലയിലായത് ചെറുമീനുകളാണെന്നാണ് വിലയിരുത്തല്‍. വന്‍ സ്രാവുകള്‍ അണിയറയില്‍ മറഞ്ഞുനില്‍ക്കുകയാണ്.
ഇടുക്കി വനങ്ങളിലെ കഞ്ചാവ് കൃഷിയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ പലവട്ടം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ചര്‍ച്ചയാവുമ്പോള്‍ മാത്രം മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരുമായി വനത്തില്‍ കയറി റെയ്ഡ് പ്രഹസനം നടത്തി തിരിച്ചുപോരുന്നതല്ലാതെ വനത്തെ ലഹരിമരുന്നു മാഫിയ മുക്തമാക്കാനുള്ള ഒരു പദ്ധതിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കൃഷിക്കായി ഇറങ്ങിത്തിരിക്കുന്നത് കൂടുതലും യുവാക്കളാണ്. തൊഴിലില്ലാത്തവരും വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളും കൃഷിപ്പണികള്‍ക്കായി കാടുകയറുന്നു. മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം നടത്തി വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നവരുമുണ്ട്. ഇടുക്കിയിലെ കഞ്ചാവിന് ഓയിലിന്റെ അളവ് കൂടുതലാണെന്നു പറയപ്പെടുന്നു.
വിളവെടുത്ത് ഉണക്കി അങ്ങനെതന്നെ വില്‍പന നടത്തുന്നവരാണ് ഏറെയും. വാറ്റി അതിന്റെ ഓയില്‍ വേര്‍തിരിച്ച് എടുത്ത് വില്‍പന നടത്തുന്നവരുമുണ്ട്. കൃഷി നടത്തുന്നതും പണം മുടക്കുന്നതുമെല്ലാം വന്‍ സ്രാവുകളായിരിക്കും.
ജില്ലയിലും പുറത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവരുടെയൊക്കെ ബിനാമികളാണ് കൃഷി നടത്തുന്നതെന്ന ആരോപണമുണ്ട്.
അബദ്ധത്തില്‍ പിടിലാവുന്നത് തൊഴിലാളികളും മേല്‍നോട്ടം നടത്തുന്നവരും മാത്രവും. പിടിക്കപ്പെടുന്നത് പലപ്പോഴും ഒറ്റുന്നതുകൊണ്ടാണ്. കഞ്ചാവ് കൃഷിക്കാരും വ്യാപാരികളും തമ്മിലുള്ള കുടിപ്പക തീര്‍ക്കാനാണ് പലപ്പോഴും ഒറ്റുകാരാവുന്നത്. കൈയേറുന്ന വനപ്രദേശത്തെ മരങ്ങള്‍ വെട്ടിവീഴ്ത്തിയും ചുട്ടുകരിച്ചുമാണ് കഞ്ചാവ് കൃഷിക്ക് ഉപയോഗിക്കുന്നത്.
അരി, മരച്ചീനി മുതലായ ഭക്ഷ്യവസ്തുക്കളുമായി കാടുകയറുന്ന കൃഷിക്കാര്‍ അത്യാവശ്യ ഉപയോഗത്തിനായി കഞ്ചാവ് തോട്ടത്തിനു സമീപം പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. കാട്ടുമുയല്‍, കേഴ, കാട്ടുപക്ഷികള്‍ മുതലായവയെ കെണിവച്ചും വെടിവച്ചും പിടികൂടുന്നു.
കാട്ടാന, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് അവയുടെ ആവാസമേഖലയില്‍ മനുഷ്യര്‍ കടന്നുചെന്ന് ശല്യമുണ്ടാക്കുന്നതുകൊണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. കഞ്ചാവ് കൃഷിക്കാരും വേട്ടക്കാരും ഇതില്‍ തുല്യപങ്കു വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."