ഗൗരി ലങ്കേഷിന്റെ നടപടികള്‍ സംഘ്പരിവാറിനെ എന്നും അസ്വസ്ഥമാക്കി: ശിവസുന്ദര്‍
കോഴിക്കോട്: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ നടപടികള്‍ സംഘ്പരിവാറിന് എന്നും അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി ഗൗരി ലങ്കേഷ് പത്രികയിലെ കോളമിസ്റ്റ് ശിവസുന്ദര്‍ പറഞ്ഞു. സേവ് ഇന്ത്യ ഫോറത്തിന്റ നേതൃത്വത്തില്‍ കോഴിക്കോട്ട് ഗാന്ധി മുതല്‍ ഗൗരി വരെ എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാര്‍വരെ വിധിപറയുന്നതില്‍ നിന്ന് പിന്‍മാറിയ നിത്യാനന്ദ, രാജേശ്വര തുടങ്ങിയ ആള്‍ദൈവങ്ങള്‍ക്കെതിരായ കേസ് സംബന്ധിച്ച് ഗൗരി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അവരെ കൊന്നതാരാണെന്ന് തനിക്കറിയില്ല. കര്‍ണാടകയിലെ ഹിന്ദുത്വ ലബോറട്ടറിയായി അറിയപ്പെടുന്ന മംഗളൂരുവില്‍ ലൗജിഹാദ് വിവാദം പടര്‍ത്താനുള്ള ശ്രമത്തിനെതിരേ അവര്‍ തന്റെ പ്രസിദ്ധീകരണത്തിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടു വന്നു.
ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വരെ ഭീഷണിപ്പെടുത്തിയ കര്‍ണ്ണാടകയിലെ 70ശതമാനത്തോളം വരുന്ന ലിംഗായത്ത് സമുദായത്തെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതും ഗൗരിയായിരുന്നു. കൂടാതെ കര്‍ണ്ണാടകയില്‍ ബീഫ് നിരോധനം നിയമമായപ്പോള്‍ ഇതിനെതിരേയുയര്‍ന്നു കേട്ട ശബ്ദങ്ങളില്‍ ഗൗരിക്കും പ്രഥമ സ്ഥാനമുണ്ടായിരുന്നു. കേസന്വേഷണം വഴിതിരിച്ചു വിടാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആ ഉദ്ദേശത്താലാണ് നക്‌സലൈറ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉന്നയിക്കുന്നത്.
അവരുടെ സഹോദരനായ ഇന്ദ്രജിത്ത് ലങ്കേഷിനെതിരേയും പരാമര്‍ശങ്ങളുയര്‍ത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രസ്ഥാപനം സംബന്ധിച്ച് സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നെങ്കിലും പിന്നീട് മരിക്കുന്നതുവരെ നല്ല സുഹൃത്ബന്ധമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നത്. അഭ്യുദയ കാംഷികള്‍ നല്‍കിയ സാമ്പത്തിക സഹായവും കംപ്യൂട്ടറുകള്‍ പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് ആരംഭിച്ച മാധ്യമസ്ഥാപനത്തിന്റെ ഉടമയെ സമ്പത്തിന് വേണ്ടിയാണ് വധിച്ചതെന്ന വാദവും പൊള്ളയാണ്.
ഗൗരി ലങ്കേഷന്റെ മരണത്തിന് ശേഷം അവരുടേതായി വന്ന ഓരോ ലേഖനങ്ങളും താന്‍ വായിച്ചിരുന്നു. ഫാസിസത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരായല്ലാത്ത ഒന്നുപോലും അവയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
25 വര്‍ഷത്തിന് ശേഷമാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് രാജ്യം ഭരിക്കുന്നത്. മുഴുവന്‍ മേഖലകളെയും വര്‍ഗീയമായി വേര്‍തിരിക്കുന്ന പുതിയ കാലത്ത് ഇനിയും ശബ്ദമുയര്‍ത്താന്‍ മടിച്ചാല്‍ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ പഴങ്കഥയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ദലിത്-പിന്നോക്ക പ്രക്ഷോഭ നായകന്‍ ജിഗ്നേഷ് മേവാനി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സേവ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഗോപാല്‍ മേനോന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോക്യുമെന്ററി സംവിധായിക ദിവ്യാഭാരതി, എഴുത്തുകാരന്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, കമാല്‍ വരദൂര്‍, സി.ദാവൂദ്, കെ.എച്ച്.നാസര്‍, കെ.കെ.ബാബുരാജ് പ്രദീപ് ഉഷസ്സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."