ട്രെയിന്‍ സമയം ആരും വായിക്കും; രാമേട്ടന്റെ കൈയക്ഷരം കണ്ടാല്‍
കോഴിക്കോട്: ചെയ്യുന്ന പ്രവൃത്തി വെടിപ്പായിരിക്കണമെന്ന നിര്‍ബന്ധക്കാരനാണ് രാമേട്ടന്‍. അതു ജീവിതത്തിലുടെനീളം പുലര്‍ത്താനും അദ്ദേഹം ശ്രമിക്കാറുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ അന്വേഷണ കൗണ്ടറിനടുത്ത് ട്രെയിന്‍ സമയം അറിയിക്കാനായി സ്ഥാപിച്ചിട്ടുള്ള ബോഡിന് മുന്നില്‍ എപ്പോഴും രാമേട്ടനെ കാണാം. സ്റ്റേഷന്‍ വഴി കടന്നുപോകുന്ന തെക്കോട്ടും വടക്കോട്ടുമുള്ള ട്രെയിനുകളുടെ പേരും സമയക്രമവുമാണ് അവിടെ രേഖപ്പെടുത്താറ്. വെള്ള ബോര്‍ഡില്‍ ട്രെയിനുകള്‍ മാറിമാറി വരും.
ട്രെയിന്‍ സമയം കൃത്യമായി അറിയാവുന്ന സ്ഥിരം യാത്രക്കാര്‍ ബോര്‍ഡ് നോക്കാറില്ല. എന്നാല്‍ അവരും ഇപ്പോള്‍ ഈ ബോര്‍ഡ് ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. വെള്ള ബോര്‍ഡിലെ മനോഹരമായ എഴുത്തില്‍ കണ്ണു പതിയാതെ ആര്‍ക്കും കടന്നു പോകാനാകില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി റെയില്‍വേയില്‍ ജോലി ചെയ്യുന്ന വയനാട് സ്വദേശി രാമനാണ് സ്റ്റേഷനിലെ അന്വേഷണ കൗണ്ടറിലുള്ള ട്രെയിന്‍ സമയം കുറിക്കുന്ന ബോര്‍ഡിനെ മനോഹരമാക്കുന്നത്.
കോഴിക്കോട് സ്റ്റേഷനില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണ് കെ. രാമന്‍ ജോലി ചെയ്യുന്നത്. ബോര്‍ഡെഴുത്ത് തന്റെ ജോലിയല്ലെങ്കിലും അദ്ദേഹം ഇത് ഏറ്റെടുക്കും. ട്രെയിന്‍ സമയം മാറിമറിഞ്ഞു വരുമ്പോള്‍ കറുപ്പും ചുവപ്പും പച്ചയും നിറമുള്ള സ്‌കെച്ചു പേനകള്‍ ഉപയോഗിച്ച് അദ്ദേഹം ട്രെയിനുകളുടെ പേരും സമയവും പോകുന്ന വഴിയുമൊക്കെ മനോഹരമായി അതില്‍ കുറിച്ചിടും. യാത്രക്കാര്‍ക്ക് എളുപ്പത്തിലും സൗകര്യത്തിലും വായിക്കാന്‍ പറ്റുന്ന മനോഹരമായ കൈയക്ഷരത്തില്‍.
തന്റെ ഓഫിസിലെ ഫയലുകളും ഇതേപോലെ വൃത്തിയില്‍ സൂക്ഷിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ട്. കോഴിക്കോട് സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി രാമോട്ടന്റെ സേവനമുണ്ട്.
ചെറുപ്പത്തിലേ കൈയക്ഷരം നന്നാക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അത്യാവശ്യം ചിത്രം വരയുമുണ്ട്. ബോര്‍ഡിലെ എഴുത്ത് കണ്ട് പലരും തന്നെ അഭിനന്ദിക്കാറുണ്ടെന്ന് വയനാട് പനമരം സ്വദേശിയായ രാമേട്ടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."