ഗോവധമാരോപിച്ച് യുവാവിനെ വെടിവച്ചു കൊന്ന 12 പൊലിസുകാര്‍ക്കെതിരേ കേസ്
ലക്നൗ: യു.പിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ 12 പൊലിസുകാര്‍ക്കെതിരേ കേസ്. കൊല്ലപ്പെട്ട സീഷാന്‍ ഹൈദറിന്റെ (42) ഭാര്യ അഫ്റോസ് നല്കിയ പരാതിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലിസുകാരെ പ്രതിചേര്‍ത്തത്.
2021 നവംബര്‍ അഞ്ചിന് ദയൂബന്തില്‍ പൊലിസ് നടത്തിയ വെടിവയ്പിലാണ് സീഷാന്‍ കൊല്ലപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തെന്ന കള്ളക്കേസ് ഇദ്ദേഹത്തിന്റെ പേരില്‍ ചുമത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ നവംബറിലാണ് അഫ്റോസ് സഹറാന്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്.
പൊലിസിനെതിരേ കൊലക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. എസ്.ഐമാരായ ഓംവീര്‍, യശ്പാല്‍ സിങ്, അസ്ഗര്‍ അലി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുഖ്പാല്‍ സിങ്, കുന്‍വാര്‍ ഭാരത്, പ്രമോദ് കുമാര്‍, വിപിന്‍, കോണ്‍സ്റ്റബിള്‍മാരായ രജ്വീര് സിങ്, ദേവേന്ദ്ര, നീട്ടു യാദവ്, അന്‍കിത് കുമാര്‍, ബ്രജേഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
അന്വേഷണത്തിനായി പൊലിസ് വിളിക്കുമ്പോള്‍ ഭര്‍ത്താവ് തന്റെ കൂടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അഫ്റോസ് പറയുന്നു. പിന്നീട് കാലിന് വെടിയേറ്റുവെന്ന വിവരമാണ് ലഭിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചുവെന്ന് പിന്നാലെ അറിയിച്ചു.
എന്നാല്‍ പശുവിനെ കശാപ്പ്ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോള്‍ സീഷാനും മറ്റു ചിലരും ചേര്‍ന്ന് നാടന്‍ തോക്ക് ഉപയോഗിച്ച് നേരിട്ടുവെന്നാണ് പോലിസ് ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."