ചൗക്കിദാർ ചോർ ഹേ
പാകിസ്താന്റെ ഇരുപത്തി മൂന്നാമത് പ്രധാനമന്ത്രിയായി ചുമതല ഏൽക്കവെ മിയാൻ മുഹമ്മദ് ഷഹബാസ് ഷരീഫിന്റെ ഹൃത്തടത്തിൽ വിരിഞ്ഞത്, 'എല്ലാ പ്രതിസന്ധികളിൽ നിന്നും സ്വയം മോചിതമാകണം' എന്ന അതാഉൽഹഖ് ഖ്വാസിമിയുടെ കവിതാ ശകലം. കാൽപനികതയുടെ വ്യാഖ്യാതാവ് എന്നതിലുപരി പാകിസ്താൻ രാഷ്ട്രീയത്തെ ദീർഘദർശനം ചെയ്യുന്ന കോളമിസ്റ്റ് കൂടിയാണ് അതാഉൽഹഖ്. ആഭ്യന്തര രാഷ്ട്രീയച്ചൂടിന്റെ വറചട്ടിയിൽ പൊള്ളിപ്പൊരിയുമ്പോഴും പ്രതീക്ഷാനിർഭരമായ സ്വപ്നങ്ങളാണ് തനിക്കുള്ളതെന്ന സന്ദേശമാണ് കവിത ഉദ്ധരിക്കുക വഴി പുതിയ പ്രധാനമന്ത്രി പുറം ലോകത്തിനു നൽകുന്നത്. ലാഹോറിലെയും റാവൽപിണ്ടിയിലെയും തെരുവുകളിൽ നിന്ന്, 'ചൗക്കിദാർ ചോർ ഹേ' എന്ന രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ മുദ്രാവാക്യം ആർത്തുയർന്നിരുന്നല്ലോ ഈ സന്ദർഭത്തിൽ.
തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ്, മുൻ ക്രിക്കറ്റർ, ഇമ്രാൻ ഖാൻ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇറങ്ങിപ്പോന്നത് പട്ടാള നേതൃത്വത്തിനും അമേരിക്കക്കും നേരെ വിരൽചൂണ്ടിയാണ്. ഇയാളെ ഇറക്കിവിടാൻ പാകിസ്താൻ ദേശീയ അസംബ്ലിയും സുപ്രിംകോടതിയും പാതിരാത്രിയിലും ഉറക്കമിളച്ചു.
മൂന്നു തവണ പട്ടാള ഭരണത്തിലകപ്പെട്ട പാകിസ്താനിലെ മുൻ പ്രധാനമന്ത്രിമാരെപ്പോലെ, കാലാവധി തികക്കാനാവാത്ത കീഴ്‌വഴക്കം ഇമ്രാനും തെറ്റിച്ചില്ല. അന്ത്യം വരെ പൊരുതുമെന്ന് പ്രഖ്യാപിച്ച ഇമ്രാന്, കലാശക്കളിയോടടുത്തപ്പോൾ കൂടെക്കളിച്ചവരിൽ പലരെയും കാണാതായി. വോട്ടെടുപ്പിന് മുമ്പെ ഇറങ്ങിപ്പോരേണ്ടി വന്നു. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 174 വോട്ട് നേടി എതിർപ്പില്ലാതെ ജയിച്ചു. പണവും അധികാരവും കൈയിലെടുത്ത് അമ്മാനമാടിയ ഷരീഫ് കുടുംബത്തിന് അറസ്റ്റും കേസും നാടുകടത്തലും പുത്തരിയല്ല.
വിധി മാറി മറിഞ്ഞു വരുന്നത് വൈപരീത്യങ്ങളെ പോലും അമ്പരിപ്പിച്ചുകൊണ്ടാണ്. ഒരു വർഷം മുമ്പ് ഇതേസമയം ഷഹബാസ് ഷരീഫ് ലാഹോറിലെ ജയിലിലാണ്. 7328 മില്ല്യൻ രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ 2020 സെപ്റ്റംബറിൽ തുറുങ്കിലടക്കപ്പെട്ട അദ്ദേഹം, പരോളിൽ ഇറങ്ങിയാണ് മാതാവിന്റെ മൃതദേഹം കണ്ടത്. 2021 ഏപ്രിൽ 14ന് ജാമ്യത്തിലിറങ്ങിയതാണ്. 1400 കോടിയുടെ മറ്റൊരു കേസ് കൂടി ഷഹബാസിനെതിരേ ഉരുണ്ടുകൂടിവരുന്നു.
കടുത്ത സാമ്പത്തിക തകർച്ചയെ നേരിടുന്ന ഒരു രാജ്യത്തിൻ്റെ കടിഞ്ഞാണാണ്, പുതിയ പ്രധാനമന്ത്രി വശം ഉള്ളത്. അയൽപക്കത്ത് ശ്രീലങ്കയുടേതിൽ നിന്ന് ഭിന്നമല്ല പാകിസ്താന്റെ അവസ്ഥ. ഭരണ നിപുണനെന്ന് പ്രശസ്തി നേടിയ ഷഹബാസിനേ ഇപ്പോൾ എന്തെങ്കിലും ചെയ്യാനാവൂ. അധികാരമേറ്റ പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ഓഫിസിലെത്തിയ ഷഹബാസ്, എല്ലാ ഗവൺമെന്റ് ഓഫിസുകളുടെയും പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂട്ടി. ആഴ്ചയിൽ രണ്ട് അവധി അനുവദിച്ചത് ഒന്നാക്കി ചുരുക്കി. മിനിമം വേതനവും പെൻഷനും 25000 രൂപയാക്കി വർധിപ്പിച്ചു. മുടങ്ങിക്കിടന്ന വികസന പദ്ധതികളത്രയും പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ശത്രുവിന്റെ ശത്രു മിത്രം ഫോർമുലയാണ് പരീക്ഷിച്ചത്. ബദ്ധവൈരികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ഷഹബാസ് ശരീഫ് നേതൃത്വം നൽകുന്ന പാകിസ്താൻ മുസ്‌ലിം ലീഗും കൈകോർത്തു. അവർക്കപ്പോൾ ഒരു അജൻഡയെ ഉണ്ടായുള്ളു. ഇമ്രാനെ കളയുക. മറ്റൊന്നും ചിന്തിച്ചേ ഇല്ല; ഫലം കൃത്യമായിരുന്നു... ദേശീയ അസംബ്ലിയിൽനിന്ന് പുറത്തേക്ക്. പ്രതിപക്ഷത്തെ 11 പാർട്ടികളുടെ സഖ്യത്തിന്റെ നേതാവാണ് ഷഹബാസ്. പി.പി.പിയുടെ ബിലാവൽ ഭൂട്ടോ മുതൽ പ്രമുഖർ ഈ കൂട്ടുകക്ഷി മന്ത്രിസഭയിലുണ്ട്.
ഷഹബാസ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇങ്ങ് ഇന്ത്യയിലെ പഞ്ചാബിൽ, ജാതി ഉംറ ഗ്രാമത്തിലെ ഗുരുദ്വാറിൽ ഷഹബാസിനു വേണ്ടി പ്രത്യേക പ്രാർഥന നടന്നു. ജാതി ഉംറയിൽ നിന്നാണ് ഷഹബാസിന്റെ പിതാവ്, മിയാൻ മുഹമ്മദ് ഷരീഫും കുടുംബവും ലാഹോറിലേക്ക് പോകുന്നത്; വിഭജന വേളയിൽ. കശ്മിരിലെ അനന്ത്‌നാഗിലും പുൽവാമയിലുമാണ് ഷഹബാസിന്റെ കുടുംബ വേരുകൾ.
പാകിസ്താനിലെ അതിസമ്പന്ന കുടുംബം. ഉരുക്കു വ്യവസായത്തിലെ ഭീമനാണ് ഇത്തിഫാഖ് എന്ന ഷരീഫിന്റെ കുടുംബ കമ്പനി. സഹോദരൻ നവാസ് രാഷ്ട്രീയത്തിൽ വിലസുമ്പോൾ ഷഹബാസ് കച്ചവടത്തിൽ മുഴുകി. 1988ൽ ലാഹോറിൽനിന്ന് പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്ക് ഷഹബാസ് ആദ്യമായി ജയിച്ചെത്തിയപ്പോൾ നവാസ് പഞ്ചാബ് മുഖ്യമന്ത്രിയാണ്. നവാസ് പ്രധാനമന്ത്രിയായപ്പോൾ ഷഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായി. നവാസ് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നപ്പോൾ ഷഹബാസ് അവിടേക്ക് വരേണ്ടതായിരുന്നു. അതുണ്ടായില്ല. ഇടവേള പിന്നിട്ട് ഷഹബാസ് പ്രധാനമന്ത്രിയാവുമ്പോൾ മകൻ ഹംസ പഞ്ചാബ് അസംബ്ലയിൽ അംഗമാണ്.
ഇന്ത്യയിൽ ഉത്തർപ്രദേശ് പോലെയാണ് പാകിസ്താനിൽ പഞ്ചാബ് എന്ന് പറയാനാവും. 272 അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പാകിസ്താൻ നാഷനൽ അസംബ്ലിയിലെ 147 സീറ്റ് പഞ്ചാബ് പ്രവിശ്യയിലാണ്. ഇവിടെ മൂന്നു തവണയാണ് ഷഹബാസ് മുഖ്യമന്ത്രിയായത്. നല്ല ഭരണാധികാരിയെന്ന പ്രതിഛായ തന്നെയായിരുന്നു ആൾക്ക്. വ്യാജ ഏറ്റുമുട്ടൽ കേസും ഒട്ടേറെ അഴിമതിക്കേസുകളും ഉണ്ടെങ്കിലും ഷഹബാസ് പാകിസ്താനു വേണ്ടി അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. മതമേധാവികൾ, പട്ടാളം, അമേരിക്ക, ചൈന... ഈ മർമ്മങ്ങളൊക്കെയും കൈയടക്കത്തോടെ വരുതിയിൽ വയ്ക്കാനുള്ള മാന്ത്രിക വടി കൈയിലുണ്ട് എന്നതുതന്നെ ആ വിജയ പ്രതീക്ഷയുടെ നിദാനം.
അഴിമതി ഉന്നയിച്ച് നവാസ് ഷരീഫിനെ പട്ടാള മേധാവി പർവേസ് മുഷറഫ് ജയിലിലിട്ടപ്പോൾ, സഉൗദിയാണ് രക്ഷക്കെത്തിയത്. സഉൗദിയിലേക്ക് നാടുകടത്തപ്പെട്ടവരിൽ ഷഹബാസുമുണ്ടായിരുന്നു. 2000ൽ പോയി 2007ൽ തിരിച്ചെത്തി. പദവിയിൽ എത്ര കാലം എന്ന ചോദ്യം പാക് രാഷ്ട്രീയത്തിൽ പ്രസക്തമാണ്. എന്നാൽ ഷഹബാസിനെക്കാൾ പാക്കിനു പറ്റിയ പകരക്കാരൻ വേറെ ആര് എന്ന ചോദ്യവും അപ്രസക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."