ഓണ്‍ലൈന്‍ ഭിക്ഷാടനത്തിനെതിരേ മുന്നറിയിപ്പുമായി ദുബൈ പൊലിസ്
ദുബൈ: ഓണ്‍ലൈന്‍ ഭിക്ഷാടനത്തിനെതിരേ ദുബൈ പൊലിസ് ജാഗ്രതാ നിര്‍ദേശം. വാട്ട്‌സ്ആപ്പ്, ഇമെയില്‍ വഴി നടത്തുന്ന പുതിയ തട്ടിപ്പുകളില്‍ വീഴരുതെന്നാണ് ദുബൈ പൊലിസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
യാചകരുടേയും ദരിദ്രരായ ആളുകളുടെയും ദയനീയ ചിത്രങ്ങള്‍ അയച്ചും അനാഥരെയും രോഗികളെയും സഹായിക്കാനും ചികിത്സിക്കാനുമാണെന്നും പറഞ്ഞാണ് തട്ടിപ്പുകള്‍ നടക്കുന്നത്. കൂടാതെ പല രാജ്യങ്ങളിലും പള്ളികളും സ്‌കൂളുകളും പണിയാനും സഹായം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ തന്നെ നേരിട്ട് ഔദ്യോഗിക സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആവശ്യമുള്ളവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്ത് സംഭാവനകള്‍ നല്‍കാമെന്ന് ദുബൈ പൊലിസിലെ സുരക്ഷാ വിഭാഗം ഡയരക്ടര്‍ അഹ്മദ് ബിന്‍ ദര്‍വീശ് അല്‍ ഫലാസി പറഞ്ഞു. ഭിക്ഷാടകരെക്കുറിച്ചുള്ള വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 901ലോ ദുബൈ പൊലിസ് ആപ്പ് വഴിയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."