ബ്രിട്ടന്‍: വാക്‌സിനിലും അയിത്തമോ ?
കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കാനാവില്ലെന്ന തീരുമാനത്തില്‍നിന്ന് ബ്രിട്ടന്‍ പിന്മാറിയത് ഉചിതമായി. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം തിരുത്താന്‍ അവര്‍ സന്നദ്ധമായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും അംഗീകരിക്കാനാവില്ലെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, ബ്രിട്ടനില്‍ ഒക്ടോബര്‍ നാല് മുതല്‍ എത്തുന്നവര്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന തീരുമാനത്തില്‍നിന്ന് ഇതുവരെ അവര്‍ പിന്‍വാങ്ങിയിട്ടില്ല. വാക്‌സിനിലല്ല സര്‍ട്ടിഫിക്കറ്റിലാണ് പ്രശ്‌നമെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
ഇന്ത്യക്ക് പുറമെ യു.എ.ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലാന്‍ഡ്, റഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്കയിലെ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരും ബ്രിട്ടനില്‍ പത്ത് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യം ബ്രിട്ടന്‍ പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കാം. ബ്രിട്ടന്റെ അസ്ട്രാസെനക വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന തീരുമാനം വംശീയവിവേചനം പ്രകടമാക്കുന്നതാണ്. ഇതാണ് പ്രതിഷേധങ്ങള്‍ക്കിടവരുത്തിയത്. അസ്ട്രാസെനക വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡ് എടുത്തവര്‍ ക്വാറന്റൈനില്‍ പോകണമെന്ന വംശീയമുദ്രയുള്ള തീരുമാനം ഇന്ത്യക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. അംഗീകാരം ലഭിച്ചിട്ടുള്ള അസ്ട്രസെനകയ്ക്കും യൂറോപ്യന്‍ യൂനിയന്റെ വാക്‌സ് സെവ്‌റിയയ്ക്കും തുല്യമാണ് ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യന്‍ യൂനിയന്റെയും അംഗീകാരം ലഭിച്ച കൊവിഷീല്‍ഡ് വാക്‌സിനും. എന്നിട്ടും ബ്രിട്ടന്‍ ഇന്ത്യയിലേത് വാക്‌സിന്‍ അല്ലെന്ന് പറഞ്ഞതിലെ യുക്തിരാഹിത്യത്തെയാണ് ഇന്ത്യ ചോദ്യംചെയ്തത്. അവരുടെ ഉള്ളില്‍ ഇപ്പോഴും കിടക്കുന്ന പഴയ പ്രഭുത്വ ആഢ്യ വികാരമായി മാത്രമേ ഇത്തരം വിചിത്ര തീരുമാനങ്ങളെ കാണാനാകൂ.
ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ഫാര്‍മസ്യൂട്ടിക്കല്‍ അസ്ട്രാസെനകയും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ബ്രിട്ടനില്‍ അസ്ട്രാസനക എന്ന് നാമകരണം ചെയ്ത അതേ വാക്‌സിന്‍ ഇന്ത്യയില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ചപ്പോള്‍ കൊവിഷീല്‍ഡ് എന്ന് നാമകരണം ചെയ്തുവെന്ന വ്യത്യാസം മാത്രമേ രണ്ട് വാക്‌സിനുകളും തമ്മിലുള്ളൂ. ഫൈസര്‍ വാക്‌സിന്‍ ചെലവേറിയതും സൂക്ഷിക്കാന്‍ സാധാരണ ഫീസറുകള്‍ മതിയാവില്ലെന്നും കണ്ടതിനെ തുടര്‍ന്നാണ് കുറഞ്ഞ ചെലവില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നത്. ഇന്ത്യയും ഇതിന്റെ ഭാഗമായി. അങ്ങനെയാണ് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ അസ്ട്രാസെനക എന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഇന്ത്യന്‍ മാതൃക പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുകയും ചെയ്തു.
കൊവിഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍ തതുല്യമായ നടപടി ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബ്രിട്ടനെ അറിയിച്ചിരുന്നു.ബ്രിട്ടന്‍ തീരുമാനം മാറ്റുന്നില്ലെങ്കില്‍ അവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ജോലിക്ക് പോകുന്നവരെയും അത് സാരമായി ബാധിക്കും. പത്ത് ദിവസം ബ്രിട്ടനില്‍ ക്വാറന്റൈനില്‍ കഴിയുകയെന്നത് സാധാരണ ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍പറ്റാത്ത ചെലവായിരിക്കും വരുത്തിവയ്ക്കുക. മാത്രമല്ല അനുബന്ധ പരിശോധനാ ചെലവുകള്‍ വേറെയും. പകരമായി ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും പത്ത് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാലും അവര്‍ക്ക് കാര്യമായ ചെലവുകള്‍ ഇന്ത്യയില്‍ ഉണ്ടാകുന്നില്ല. അവരില്‍ പലരും വിനോദയാത്രക്കാരുമായിരിക്കും. പെട്ടെന്ന് മടങ്ങിപ്പോകേണ്ടിയും വരില്ല.
17 രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനുകള്‍ അംഗീകരിക്കുന്ന ബ്രിട്ടന്‍ ഓക്‌സ്‌ഫോര്‍ഡില്‍ വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് അംഗീകരിക്കില്ലെന്ന് പറഞ്ഞത് ഇന്ത്യന്‍ ജനതയെ മുഴുവന്‍ അപമാനിക്കുന്നതിനു തുല്യമായിരുന്നു. അതിന്റെ ഉള്ളടക്കത്തെ ഇന്ത്യക്കാര്‍ അത്രത്തോളം വളര്‍ന്നിട്ടില്ലെന്ന വിവേചന തീരുമാനമായി മാത്രമേ കാണാനാകുമായിരുന്നുള്ളൂ. കൊവിഷീല്‍ഡ് ബ്രിട്ടന്‍ അംഗീകരിച്ചെങ്കിലും ക്വാറന്റൈന്‍ വേണമെന്ന് ഇപ്പോഴും നിര്‍ബന്ധിക്കുകയാണ്. ഇത് അപലപനീയമാണ്. കൊവിഷീല്‍ഡ് അംഗീകരിച്ചിട്ട് ക്വാറന്റൈന്‍ തുടരുന്നതില്‍ എന്തര്‍ഥമാണുള്ളത്.
വര്‍ഷങ്ങളുടെ ഒഴുക്കിലൂടെ ബ്രിട്ടനില്‍ വേരുറച്ചുപോയ കൊളോണിയല്‍ മേല്‍ക്കോയ്മാ വിചാരത്തിന് മാറ്റംവന്നിട്ടുണ്ട്. ബഹുസ്വരതയെ ആ രാജ്യം അംഗീകരിച്ചിട്ടുമുണ്ട്. എങ്കിലും പഴയ പ്രഭുത്വത്തില്‍ നിന്ന് അവര്‍ പൂര്‍ണമായും മോചിതമായിട്ടില്ലെന്നുവേണം കരുതാന്‍. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങള്‍ക്കു മാത്രം ബാധകമാക്കി നേരത്തെ സ്വീകരിച്ച വാക്‌സിന്‍ നിയമത്തെ ഈ തരത്തിലേ കാണാനാകൂ.
വംശീയതയെ നേരിടുന്നതില്‍ നമ്മള്‍ വലിയ പുരോഗതി കൈവരിച്ചുവെന്ന് പറയുന്നതില്‍ വലിയ കാര്യമില്ല, ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 'ദി ഡെയ്‌ലി ടെലഗ്രാഫി'ല്‍ ലേഖനമെഴുതിയത് അമേരിക്കയിലെ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത് വംശീയതയെ നേരിടുന്നതില്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."