പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരം ചേരൻകോട്ടയിൽ നിന്നും അതിദാരുണമായ കൊലപാതക വാർത്ത. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പ്രതികാരമായി പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കുത്തിക്കൊന്നു. ചേരൻകോട്ട സ്വദേശിനി ശാലിനി (17) ആണ് സ്കൂളിലേക്കുള്ള വഴിയിൽ ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിലെ പ്രതിയായ മുനിരാജൻ (25) പൊലിസ് പിടിയിലായി. പ്രണയം നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് ഇയാളെ താക്കീത് ചെയ്തിരുന്നു. അതിൻ്റെ വൈരാഗ്യമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന ശാലിനിയെ വഴിയിൽവെച്ച് മുനിരാജൻ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നാളുകളായി നാട്ടുകാരനായ മുനിരാജൻ ശാലിനിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും നിരന്തരം പ്രണയാഭ്യർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. താൽപര്യമില്ലെന്ന് പെൺകുട്ടി പലതവണ വ്യക്തമാക്കിയിട്ടും ഇയാൾ ശല്യം തുടർന്നു.
കഴിഞ്ഞ വാരാന്ത്യത്തിലും ശല്യം സഹിക്കാതെ വന്നതോടെ ശാലിനി വീട്ടിൽ വിവരം അറിയിച്ചു. ഇതോടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി ശക്തമായ താക്കീത് നൽകി. ഈ സംഭവത്തിൻ്റെ പ്രതികാരമായാണ് ഇന്ന് രാവിലെ കത്തി ഉപയോഗിച്ച് മുനിരാജൻ പെൺകുട്ടിയെ ആക്രമിച്ചത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ ശാലിനി സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.
പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."