വാദം പൂര്‍ത്തിയാക്കി; ഹൈക്കോടതി വിധിപറയാന്‍ മാറ്റി
കൊച്ചി: മുഖ്യമന്ത്രിയും മകള്‍ വീണയുമുള്‍പ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹരജികളില്‍ വാദം പൂര്‍ത്തിയായതോടെ ഹൈക്കോടതി വിധിപറയാനായി മാറ്റി. കോണ്‍ഗ്രസ് എം.എല്‍.എ മാത്യൂ കുഴല്‍നാടനും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹരജികളിലും ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലുമാണ് വാദം പൂര്‍ത്തിയായത്.
സി.എം.ആര്‍.എല്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരേയാണ് കുഴല്‍നാടന്‍ ഹരജി നല്‍കിയത്. ഹരജിയിലെ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതി ഹരജി തള്ളിയത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
സി.എം.ആര്‍.എല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് ഗിരീഷ് ബാബു നല്‍കിയ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. കേസിനിടെ ഗിരീഷ് ബാബു മരണപ്പെട്ടതിനാല്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വാദം പൂര്‍ത്തിയാക്കിയത്. മാസപ്പടി കേസില്‍ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയ മറ്റൊന്ന്.
സി.എം.ആര്‍.എല്ലിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കടക്കം ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയതടക്കമുള്ള സംഭവുമായി ബന്ധപ്പെട്ട് കമ്പനി ആക്ട് പ്രകാരമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നത്. അതിനാല്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം നടക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കും അന്വേഷണം നടത്താമെന്നുമാണ് ഇ.ഡിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."