ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസ്: അഞ്ച് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയുടെ കൊലപാതക കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അരുണ്‍ എം ജി, അരുണ്‍ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന പൗഡിക്കോണം വിഷ്ണുനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്തന്‍കോട് കുറ്റിയാണി സ്വദേശി ജോയി (41) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മണ്ണ് മാഫിയ നേതാവായാണ് ജോയി അറിയപ്പെടുന്നത്. ചെറിയ പ്രകോപനം ഉണ്ടായാല്‍ പോലും വെട്ടുകത്തി വീശുന്ന സ്വഭാവമുള്ളതിനാലാണ് ഇയാള്‍ക്ക് വെട്ടികത്തി ജോയി എന്ന പേരു ലഭിച്ചത്.
ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി മുക്കില്‍ വച്ച് വെള്ളിയാഴ്ച രാത്രി 8നാണ് ജോയിക്ക് വെട്ടേറ്റത്. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ജോയി ഏറെനേരം രക്തം വാര്‍ന്ന് റോഡില്‍ കിടന്നിരുന്നു. പൊലിസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൂലിക്ക് ഓടിക്കുന്ന ഓട്ടോ പാര്‍ക്കുചെയ്യാന്‍ പോകുന്നതിനിടെ കാറിലെത്തിയവര്‍ ഓട്ടോ തടഞ്ഞ് ജോയിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ ആശുപത്രിയില്‍ വച്ച് മരിച്ചു.
കാപ്പ കേസില്‍ തടവിലായിരുന്ന ജോയി രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. കാറില്‍ എത്തിയ മൂന്നംഗ അക്രമിസംഘം ജോയിയുടെ കാല്‍ വെട്ടി വേര്‍പ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ട്. അക്രമികള്‍ എത്തിയ കാറും തിരിച്ചറിഞ്ഞെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."