ദുബൈയില്‍ പാര്‍ക്കിംഗ് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍; ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാം
ദുബൈയിലെ ചില പ്രദേശങ്ങളില്‍ ടിക്കറ്റില്ലാത്തതും തടസ്സരഹിതവും പൂര്‍ണ്ണമായും ഓട്ടോമേറ്റഡുമായ പാര്‍ക്കിംഗ് സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ഇതിനാല്‍ തന്നെ ഇപ്പോള്‍ ടിക്കറ്റിനായി കാത്തിരിക്കേണ്ടി വരില്ല, വാഹനം പാര്‍ക്ക് ചെയ്യുക, പുറത്തേക്കിറങ്ങുക, നിങ്ങളുടെ കാര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുക.
ബാക്കി കാര്യങ്ങള്‍ സെന്‍സറുകളും ഓണ്‍ഗ്രൗണ്ട് ക്യാമറകളും ചെയ്യും. ഈ സെന്‍സറുകളും ക്യാമറകളും വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് പകര്‍ത്തുകയും അടയ്‌ക്കേണ്ട അനുബന്ധ പാര്‍ക്കിംഗ് ഫീസ് നിര്‍ണ്ണയിക്കുകയും ചെയ്യും. പാം ജുമൈറയില്‍ പാര്‍ക്കിംഗ് നടത്തുന്നത് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യോ പൊതു പാര്‍ക്കിംഗ് ഓപ്പറേറ്ററായ പാര്‍ക്കിനോ അല്ല മറിച്ച് സ്വകാര്യ കമ്പനിയായ പാര്‍ക്കോണിക് ആണ്.
വാഹനങ്ങള്‍ എത്തുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും സെന്‍സറുകളും ഓണ്‍ഗ്രൗണ്ട് ക്യാമറകളും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഡിറ്റക്റ്റ് ചെയ്ത് ഫീസ് നിര്‍ണയിക്കും. ക്യാമറകള്‍ സ്വയമേവ പ്ലേറ്റ് നമ്പറുകള്‍ വായിച്ച് എത്തിച്ചേരുന്ന സമയം രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇനി പാര്‍ക്കിംഗ് മീറ്ററിനായി നോക്കേണ്ടതില്ല. അതല്ലെങ്കില്‍ ഒരു ആപ്പ് വഴിയോ SMS വഴിയോ വിശദാംശങ്ങള്‍ നേരിട്ട് നല്‍കുകയും ചെയ്യേണ്ടതില്ല.
വാഹനങ്ങള്‍ റോഡിന് സമാന്തരമായി പാര്‍ക്ക് ചെയ്താല്‍ ക്യാമറകള്‍ക്ക് കാറിന്റെ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്താന്‍ കഴിയും. പാര്‍ക്കോണിക് അവരുടെ വെബ്‌സൈറ്റില്‍ പാര്‍ക്കിംഗ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചതിങ്ങനെ: 'ഇനി കാത്തിരിക്കുകയെ ബുദ്ധിമുട്ടുകയോ ചെയ്യേണ്ടതില്ല. പാര്‍ക്ക് ചെയ്ത് പോകൂ. പാര്‍ക്കിംഗ് ഇപ്പോള്‍ തടസ്സങ്ങളില്ലാതെയും ടിക്കറ്റില്ലാതെയുമായിരിക്കുന്നു, എല്ലാ പ്രവേശനവും പുറത്തുകടക്കലും എളുപ്പമാക്കും,'
ഇപ്പോള്‍ ടിക്കറ്റില്ലാതെ ആയതിനാല്‍, ടിക്കറ്റ് നഷ്ടപ്പെടുന്നതോ പേയ്‌മെന്റ് മെഷീനുകളില്‍ നീണ്ട ക്യൂ നില്‍ക്കുന്നതോ പോലുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ക്യാമറകള്‍ പാര്‍ക്കിംഗ് സെഷന്‍ യാന്ത്രികമായി റെക്കോര്‍ഡുചെയ്യുന്നു.
റിക്‌സോസിനും ഹോട്ടലുകള്‍ക്കും ഇടയിലുള്ള പാം ജുമൈറയിലെ ഈസ്റ്റ് ക്രസന്റില്‍ മണിക്കൂറിന് 10 ദിര്‍ഹമാണ് പാര്‍ക്കിംഗ് ഫീസ്. ആഴ്ചയില്‍ 24 മണിക്കൂറും പാര്‍ക്കിംഗ് ലഭ്യമാണ്. എന്നിരുന്നാലും, വെസ്റ്റ് ക്രസന്റില്‍ പൊതു പാര്‍ക്കിംഗ് ഇപ്പോഴും സൗജന്യമാണ്.
പാര്‍ക്കോണിക് വെബ്‌സൈറ്റില്‍ പോയോ ക്യുആര്‍ കോഡ് ഉപയോഗിച്ചോ ഓണ്‍ലൈനായി പണമടയ്ക്കാം. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പേയ്‌മെന്റ് ബൂത്തുകളില്‍ പണമായോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പണമടയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. വാഹനമോടിക്കുന്നവരെ സഹായിക്കാന്‍ പാര്‍ക്കോണിക് ജീവനക്കാരും പ്രദേശത്തുണ്ടാകും.
അന്വേഷണങ്ങള്‍ക്കായി പാര്‍ക്കോണിക്കിനെ 80072756642 എന്ന നമ്പറില്‍ ബന്ധപ്പെടാം, അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."