അവൻ ടി-20യിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: സൂപ്പർതാരത്തെക്കുറിച്ച് പൂജാര
ഏഷ്യ കപ്പിൽ ഇന്ത്യക്കായി മിന്നും ഫോമിൽ കളിക്കുന്ന ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഇന്ത്യക്ക് ഒരുപാട് കഴിവുള്ള താരങ്ങൾ ഉണ്ടെന്നും അഭിഷേക് ശർമ്മ ടി-20യിലെ മികച്ച താരങ്ങളിൽ ഒരാളാണെന്നുമാണ് പൂജാര പറഞ്ഞത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''നമുക്ക് മികച്ച കഴിവുള്ള താരങ്ങളുണ്ട്. അഭിഷേക് ടി-20യിലെ മികച്ച കളിക്കാരിൽ ഒരാളാണ്. ഇന്ത്യയുടെ ബെഞ്ച് ശക്തി അത്ഭുതകരമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. അവസരം ലഭിക്കുമ്പോൾ ഇന്ത്യക്കായി മികച്ച പ്രകടനം നടത്താൻ താരങ്ങൾ തയ്യാറാണ്. നിലവിൽ ഇതേ രീതിയിൽ കളിക്കുന്നത് തുടർന്നാൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുക വളരെ പ്രയാസമായിരിക്കും'' പൂജാര പറഞ്ഞു.
സൂപ്പർ ഫോറിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ മിന്നും പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. മത്സരത്തിൽ അർദ്ധ സെഞ്ചറി നേടിയാണ് അഭിഷേക് തിളങ്ങിയത്. 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും അഭിഷേകാണ് സ്വന്തമാക്കിയത്.
മത്സരത്തിൽ അഭിഷേകിന് പുറമെ 28 പന്തിൽ 47 റൺസ് നേടിയ ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസൊന്നും നേടാതെ പുറത്തായപ്പോൾ മലയാളി താരം സഞ്ജു സാംസൺ 17 പന്തിൽ 13 റൺസും നേടി. തിലക് വർമ്മ 19 പന്തിൽ 30 റൺസ് നേടി ഇന്ത്യയുടെ വിജയം അനായാസമാക്കി.
മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടൂർണമെന്റിലെ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ജയമായിരുന്നു ഇത്.
സൂപ്പർ ഫോറിൽ ഇന്ന് നടക്കുന്ന ബംഗ്ലാദേശാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. ആദ്യ മത്സരത്തിൽ പാകിസ്താനെ വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ശ്രീലങ്കയെ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ കീഴടക്കിയാണ് ബംഗ്ലാദേശ് എത്തുന്നത്.
Former India opener Cheteshwar Pujara has praised opener Abhishek Sharma, who is in brilliant form for India in the Asia Cup. Pujara said that India has a lot of talented players and Abhishek Sharma is one of the best players in T20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."