കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഊബർ ഡ്രൈവർ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 30 വയസുകാരനായ ഊബർ ഡ്രൈവർ അറസ്റ്റിൽ. വയനാട് ചീരാൽ സ്വദേശിയായ നൗഷാദിനെയാണ് എറണാകുളം പാലാരിവട്ടം പൊലിസ് പിടികൂടിയത്. പെൺകുട്ടിയുടെ പഠനത്തിൽ പെട്ടെന്നുണ്ടായ പിന്നോട്ട് പോക്കിൽ മാതാപിതാക്കൾക്ക് സംശയംഉണ്ടാവുകയും തുടർന്ന് നടത്തിയ അന്വേഷണവുമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി പെട്ടെന്ന് പിന്നോക്കം പോയത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് അവർ കുട്ടിയുടെ ഫോൺ വിളികളും സന്ദേശങ്ങളും നിരീക്ഷിച്ചു. ഈ സമയത്താണ് മകൾ, തന്നെക്കാൾ ഇരട്ടി പ്രായമുള്ള വിവാഹിതനായ ഒരു യുവാവുമായി സൗഹൃദത്തിലാണെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ്, ലൈംഗികാതിക്രമം നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പോക്സോ (Protection of Children from Sexual Offences) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതി, പ്രണയം നടിച്ച് പെൺകുട്ടിയെ ഫോൺ വഴി പ്രലോഭിപ്പിക്കുകയും കാറിൽ കയറ്റി ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി പൊലിസ് കണ്ടെത്തി.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പാലാരിവട്ടം സിഐ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഒ.എസ്. ഹരിശങ്കർ, എഎസ്ഐമാരായ ജിഷ, സിഘോഷ്, ജോസി കെ.പി, അഖിൽ പത്മൻ, പി. പ്രശാന്ത്, മനൂബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി നൗഷാദിനെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."