മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ
കോഴിക്കോട്: ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് കേസിൽ വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് പ്രൊഫ. മോഹൻ ഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് നിയമസാധുത സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഏറെ പ്രത്യേകതയുള്ള, അപൂർവമായി ഉപയോഗിക്കുന്ന ഒരു നിയമ സംവിധാനമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. സുപ്രിംകോടതി വിധിക്കെതിരായ ഇന്ത്യയിൽ ലഭ്യമായ അവസാന നിയമമാർഗമാണ് ഇത്. അപ്പീലും പുനഃപരിശോധന ഹരജിയും ഉൾപ്പെടെ എല്ലാം തീർന്നതിന് ശേഷമാണ് ഈ നിയമ വഴിയ്ക്ക് സാധുതയുള്ളത്.
Article 137 പ്രകാരമാണ് ഈ പെറ്റീഷനുകൾ പരിഗണിക്കപ്പെടുന്നത്. കോടതിയുടെ വിധിയിൽ തീവ്രമായ നീതി നിഷേധം ഉണ്ടായതായി വ്യക്തമായ തെളിവുകൾ ഉണ്ടായാൽ മാത്രമേ ഈ പെറ്റീഷൻ നൽകാൻ സാധിക്കൂ. കുറഞ്ഞത് അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ആണ് ഇത് പരിഗണിക്കുന്നത്.
ബാബരി മസ്ജിദ് വിഷയത്തിൽ, ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് വിധിയിരിക്കെ ഇതിന് വിരുദ്ധമായാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം ഉണ്ടായത്. ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഡ് നടത്തിയ പ്രസ്താവന ഉണ്ടയത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം വാദിച്ചു. 1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിൻ്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്ത നടപടിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോഴാണ് വിധിക്ക് വിപരീതമായ പ്രസ്താവന ഉണ്ടായത്.
അതേസമയം, ഒരു വിധിനിർണയത്തിൽ പാലിക്കേണ്ട അടിസ്ഥാന പ്രോട്ടോകോൾ പാലിച്ചാൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രൂപത്തിൽ വിധി പറയാൻ സാധിക്കുമെന്നും എന്നാൽ അയോദ്ധ്യ വിധിയിൽ തുടക്കം മുതൽ തന്നെ അത്തരം പ്രോട്ടോകോൾ പാലിച്ചില്ലെന്നും പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു. ജഡ്ജിമാർ വിധിനിർണയത്തിൽ സുതാര്യമായിരിക്കണമെന്നും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ മോഹൻ ഗോപാൽ പറഞ്ഞു. ഓൺലൈൻ ആയാണ് അദ്ദേഹം സെമിനാറിൽ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."