ഗസ്സ പുനര്‍നിര്‍മാണം: ലോക നേതാക്കള്‍ ഈജിപ്തില്‍; ഇന്ന് ഉച്ചകോടി; രാവിലെ 10.30ന് ബന്ദി കൈമാറ്റം, പിന്നാലെ ഫലസ്തീനികളെയും മോചിപ്പിക്കും
കെയ്‌റോ: ഗസ്സയുടെ പുനര്‍നിര്‍മാണം, ഭരണസംവിധാനം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിന്റെ അധ്യക്ഷതയില്‍ യു.എസ് നേതൃത്വത്തിലുള്ള ഉച്ചകോടി ഇന്ന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതി വിശദീകരിക്കുകയും മറ്റു രാഷ്ട്രനേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. 20ലേറെ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് ക്ഷണിച്ചെങ്കിലും പകരം പ്രതിനിധിയെ അയക്കും.
ഈജിപ്തിലെ തെക്കന്‍ സിനായ് പ്രവിശ്യയിലെ ചരിത്ര നഗരമായ ഷറം അല്‍ ഷെയ്ഖിലാണ് ഉച്ചകോടി. ഇസ്‌റാഈല്‍ ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഉച്ചകോടി. ഇന്നാണ് ഹമാസ് ബന്ദികളെ വിട്ടയക്കേണ്ട അവസാന സമയം. പ്രാദേശികസമയം ഉച്ചയ്ക്ക് 12ന് ബന്ദികളെ വിട്ടയക്കണമെന്നാണ് വെടിനിര്‍ത്തല്‍ ഉടമ്പടിയിലെ വ്യവസ്ഥ. ഗസ്സ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരാണ് ഈജിപ്തും ഖത്തറും.
ഗസ്സ പുനര്‍നിര്‍മാണ ചര്‍ച്ചകളിലും ഖത്തറും ഈജിപ്തും സുപ്രധാന പങ്കുവഹിക്കും. ഗസ്സയിലെയും പശ്ചിമേഷ്യയിലെയും സമാധാനത്തിന് വെടിനിര്‍ത്തലും സമാധാനപദ്ധതിയും സഹായകരമാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസി പറഞ്ഞു.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്‌ട്രോ സാന്‍ഷെസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഹമാസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ന് ഹമാസിന്റെ കസ്റ്റഡിയിലുള്ള 20 ജീവനോടെയുള്ള ബന്ദികളെയും 28 ബന്ദികളുടെ മൃതദേഹങ്ങളും ഇസ്‌റാഈലിന് കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതിനുപകരമായി ശിക്ഷ അനുഭവിക്കുന്ന 250 തടവുകാരെയും രണ്ടുവര്‍ഷത്തിനിടെ രാഷ്ട്രീയത്തടവുകാരായി പിടികൂടി കുറ്റംചുമത്താത്ത 1,700 പേരെയും ഇസ്‌റാഈല്‍ വിട്ടുനല്‍കും. ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വിസ് ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റിയതായും സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ റെഡ് ക്രോസ് വഴി ഗസ്സയിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് ബന്ദി കൈമാറ്റം നടക്കുക. മുന്‍ കൈമാറ്റങ്ങളിലെന്നപോലെ തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറും. അവരെ പ്രാഥമിക വൈദ്യപരിശോധനയ്ക്കായി ഗസയ്ക്കുള്ളിലെ ഒരു ഇസ്രായേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവര്‍ അവരുടെ കുടുംബങ്ങളുടെ അടുത്തേക്ക് വിടും.
റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന് മുമ്പ് തടവുകാരെ എന്‍ക്ലേവിലെ മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഹമാസ് വൃത്തങ്ങള്‍ അല്‍ ജസീറ അറബിക്കിനോട് പറഞ്ഞു.
തങ്ങളുടെ എല്ലാ തടവുകാരും ഇസ്രായേല്‍ പ്രദേശത്താണെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ തുടങ്ങും.
Israel says it expects to receive all its remaining living captives from Gaza early on Monday, a key step in the ceasefire between Israel and Hamas now in effect. Speaking on Sunday, government spokeswoman Shosh Bedrosian said that Israel anticipates all 20 living captives will be returned together early on Monday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."