അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും
മലപ്പുറം: അർദ്ധരാത്രി 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ യുവാവിനെ പൊലിസ് സാഹസികമായി രക്ഷപ്പെടുത്തി. കൃത്യസമയത്തുള്ള പൊലിസിൻ്റെ ഇടപെടലാണ് താമരശ്ശേരി സ്വദേശിയായ രവീൺ (22) എന്ന യുവാവിൻ്റെ ജീവൻ രക്ഷിച്ചത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് പൊലിസ് രക്ഷാപ്രവർത്തനം നടത്തിയത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്പൂർ പൊലിസ് സ്റ്റേഷനിലേക്ക് കൺട്രോൾ റൂമിൽ നിന്ന് അടിയന്തര സന്ദേശം ലഭിക്കുന്നത്. നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണ നിലയിൽ ഒരു യുവാവിൻ്റെ കോൾ ലഭിച്ചെന്നായിരുന്നു സന്ദേശം.
വിവരം ലഭിച്ച ഉടൻ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ടി.പി. മുസ്തഫയും സീനിയർ സി.പി.ഒ. നിബിൻ ദാസും യുവാവിനെ തിരിച്ചുവിളിച്ചു. കുഴിയിൽ വീണു കിടക്കുകയാണെന്നും, എവിടെയാണെന്ന് വ്യക്തമായി അറിയില്ലെന്നുമായിരുന്നു യുവാവിൻ്റെ മറുപടി. ഉടൻ തന്നെ സൈബർ സെല്ലിൻ്റെ സഹായം തേടിയ പൊലിസ്, ഫോൺ നമ്പറിൻ്റെ ലൊക്കേഷൻ പരിശോധിക്കുകയും യുവാവ് മമ്പാട് ടാണ ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.
പൊലിസ് ഫോണിലൂടെ യുവാവിന് നിരന്തരം ധൈര്യം പകരുകയും തിരച്ചിലിനൊടുവിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ ഒരു നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള 10 അടിയോളം താഴ്ചയുള്ള കുഴിയിലാണ് രവീൺ വീണു കിടന്നിരുന്നത്.
തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കോണി സംഘടിപ്പിച്ചാണ് യുവാവിനെ കരക്കെത്തിച്ചത്. പരുക്കേറ്റ 22-കാരനായ രവീണിനെ ഉടൻ തന്നെ നിലമ്പൂർ ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശിയാണ് രവീൺ.
പൈനാപ്പിൾ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനായി ബന്ധുക്കളോടൊപ്പമാണ് രവീൺ നിലമ്പൂരിൽ എത്തിയത്. കൂടെയുള്ളവരെ അറിയിക്കാതെ രാത്രി താമരശ്ശേരിയിലുള്ള വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് ലഭിക്കാതെ വന്നപ്പോൾ മമ്പാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നിയെന്നും, രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുഴിയിൽ വീണതെന്നുമാണ് രവീൺ പൊലിസിനോട് പറഞ്ഞത്. പൊലിസിൻ്റെ സമയോചിതവും അവസരോചിതവുമായ ഇടപെടലാണ് യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ കാരണമായത്.
A young man named Raveen fell into a 10-foot deep pit in Nilambur, Malappuram, late at night. He called the control room but couldn't specify his location. The police, with the help of the cyber cell, quickly tracked his phone's location to Mampad Tana area, rescued the injured 22-year-old, and admitted him to the hospital. He had reportedly fallen while running away after feeling he was being followed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."