സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർപട്ടിക തീവ്രപരിഷ്‌കരണ (എസ്.ഐ.ആർ) നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ സുപ്രിംകോടതിയെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി വാക്കാൽ ആരാഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ എതിർത്തു. എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇതു നടപ്പാക്കാതിരിക്കാനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ വാദിച്ചു. ഹരജിയിൽ ഇന്നു വിധി പറയാമെന്ന് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേ സമയത്താണ് നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എസ്.ഐ.ആറിന്റെ സാധുതയെ എതിർക്കുന്നില്ല.
മെയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തിരക്കുപിടിച്ച് എസ്.ഐ.ആർ നടപ്പിലാക്കേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇതു നടത്തുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ പകുതിയിലധികം നടപടികൾ പൂർത്തിയായിക്കഴിഞ്ഞുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. അതിനാൽ ഇപ്പോൾ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം എസ്.ഐ.ആർ നടപടികൾ എന്നു നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."