വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി
ഗസ്സ: വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ശുജാഇയ, ബൈത് ലാഹിയ, റഫ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒന്നര മാസത്തിനിടയില്‍ 500ല്‍ ഏറെ തവണയാണ് ഇസ്‌റാഈല്‍ സേന വെടിര്‍ത്തല്‍ ലംഘിച്ചത്. നൂറുകണക്കിന് നിരപരാധികളാണ് ഈ ആക്രമണങ്ങളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്.
അതിനിടെ, ഗസ്സയില്‍ യു.എസ്-ഇസ്‌റാഈല്‍ ഭക്ഷ്യവിതരണ ഫൗണ്ടേഷന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമേരിക്കയും ഇസ്രായേലും സംയുക്തമായി കഴിഞ്ഞ വര്‍ഷം മെയില്‍ രൂപവത്കരിച്ച ഫൗണ്ടേഷന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ കാത്തുനിന്ന 859 ഫലസ്തീനികളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഹമാസ് പ്രതിനിധി സംഘം കൈറോയില്‍ ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസന്‍ റഷാദുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായ ഇസ്‌റാഈല്‍ ആക്രമണം ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി തന്നെ അപകടത്തിലാക്കിയെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ തുരങ്കങ്ങളില്‍ കഴിയുന്ന ഹമാസ് പോരാളികളുടെ മോചനം, ഗസ്സയിലേക്കുള്ള റഫ അതിര്‍ത്തി തുറക്കല്‍ എന്നിവയും ചര്‍ച്ചയില്‍ ഇടംപിടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
അതേസമയം, ബൈറൂത്ത് ആക്രമണത്തിന് ഇസ്‌റാഈലിന് മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി ലബനാനിലെ ഹിസ്ബുല്ല രംഗത്തെത്തി. ബൈറൂത്തില്‍ ഇസ്‌റാഈല്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്‌സം അലി ത്വബത്വബായി കൊല്ലപ്പെട്ടിരുന്നു. ഇതോടെ ലബനാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുഎസ് മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുമ്പാണ് ഇസ്‌റാഈലും ലബനാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്.
israel allegedly violated the ceasefire agreement and carried out fresh attacks, resulting in the deaths of four people. the renewed violence has intensified tensions in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."