the water level of mullaperiyar dam has risen to 140 feet. tamil nadu has issued its first flood warning ahead of opening the spillway shutters.
HOME
DETAILS
MAL
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്
November 25, 2025 | 5:34 PM
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ മഴ ലഭിച്ചതും, തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിവെച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
വൈകീട്ട് ആറോടെയാണ് ജലനിരപ്പ് 140 അടിയിലേക്കെത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ദിനേന വെള്ളത്തിന്റെ അളവ് കൂടിയിരുന്നു. 19ന് ജലനിരപ്പ് 133.75 അടിയിലേക്കെത്തി. 20ന് 135 അടിയായും, 24ന് 138.65 അടിയിലേക്കും ഉയർന്നു. ഇതോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് പുനരാരംഭിച്ചു.
ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് 140 എത്തിയപ്പോൾ ആദ്യ പ്രളയ മുന്നറിയിപ്പ് നൽകിയത്. നേരത്തെ 136 അടിയായപ്പോൾ ആദ്യ ജാഗ്രത നിർദേശവും, 138ൽ രണ്ടാമത്തെ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിരുന്നു.
അതേസമയം കേരളത്തിലും ഒറ്റപ്പെട്ട മഴ തുടരുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി
ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ തിരുവനന്തപുരത്തെ നെയ്യാർ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."