ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു
ഡെറാഡൂണ്‍: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി കസ്റ്റഡിയിലെടുത്ത ഉത്തരാഖണ്ഡിലെ മുസ്‍ലിം പണ്ഡിതനടക്കമുള്ള മൂന്നുപേരെയും എന്‍.ഐ.എ വിട്ടയച്ചു. ഹല്‍ദ്വാനിയിലെ ബിലാല്‍ പള്ളിയിലെ ഇമാം മൗലാന മുഹമ്മദ് അസീം ഖാസിമിയെയും സഹായിയെയും പ്രദേശത്തെ ഇലക്ട്രീഷ്യനെയുമാണ് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചത്.
വെള്ളിയാഴ്ച രാത്രി വന്‍ പൊലിസ് സന്നാഹവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പള്ളിയില്‍നിന്നും സമീപത്തുനിന്നുമായി മൂന്ന് പേരെയും പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. പള്ളിയില്‍ നടത്തിയ റെയ്ഡില്‍ ഇമാമിന്റെയും സഹായിയുടെയും മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ഇവർക്ക് സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ ബാഹ്യ ബന്ധങ്ങളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ഇമാമിന്റെ അറസ്റ്റിനെത്തുടര്‍ന്ന് പ്രദേശത്തെ വിശ്വാസികള്‍ പരിഭ്രാന്തരായിരുന്നു. കിംവദന്തികളുടെ ആവശ്യമില്ലെന്നും ഇത് പതിവ് പരിശോധനാ പ്രക്രിയയുടെ ഭാഗമാണെന്നും ചില കാര്യങ്ങള്‍ സ്ഥിരീകരിക്കേണ്ടതുള്ളതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസ് വ്യക്തമാക്കി. ഇരുവരും അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചതായും കുറ്റകരമായ തെളിവുകളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടുപേരെയും ഇന്നലെ രാവിലെ ബിലാല്‍ മസ്ജിദ് കമ്മിറ്റിക്ക് തന്നെ കൈമാറുകയായിരുന്നു. മൗലാനാ ഖാസ്മിയും സഹായിയും ഇലക്ട്രീഷ്യനും അവരുടെ ദൈനംദിന ജോലികളില്‍ തിരികെ പ്രവേശിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മസ്ജിദ് കമ്മിറ്റി അഭ്യര്‍ഥിച്ചു.
സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന കൊല്ലപ്പെട്ട ഡോ. ഉമര്‍ നബിയുടെ ഫോണിലെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ഇമാമിലേക്ക് നീണ്ടതെന്നാണ് നേരത്തെ എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഖാസിമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം നവംബര്‍ 10നുണ്ടായ സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടിരുന്നത്. കേസില്‍ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് എന്‍.ഐ.എ രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."