എസ്.ഐ.ആര്‍ സമയപരിധി; ഒടുവില്‍ ആശ്വാസം
തിരുവനന്തപുരം: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യങ്ങള്‍ അവഗണിച്ച് ഏകപക്ഷീയ നടപടികളുമായി മുന്നോട്ടുപോയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ബി.എല്‍.ഒമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേരിയ ആശ്വാസം.
ബി.എല്‍.ഒമാര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍ന്നുവന്നിരുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച ഡിസംബര്‍ നാലിന് മുമ്പ് എന്യുമറേഷന്‍ ഫോം സമര്‍പ്പണം പൂര്‍ത്തിയാകില്ലെന്ന് കമ്മിഷനും ബോധ്യപ്പെട്ടതുകൊണ്ടു കൂടിയാണ് ഇപ്പോള്‍ തീയതി നീട്ടിയത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, കോടതിയില്‍ നിന്നുള്ള ഇടപെടല്‍ ഒഴിവാക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് സമയം നീട്ടിയതെന്നും വിവരമുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ട്. സമയ പരിധി നീട്ടിയില്ലെങ്കിലും ഡിസംബര്‍ രണ്ടിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ പറഞ്ഞു. അധികമായി ലഭിച്ച സമയം എസ്.ഐ.ആര്‍. വോട്ടര്‍പട്ടികയുടെ കൃത്യതയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.എസ്.ഐ.ആറിന്റെ എല്ലാ ഘട്ടങ്ങള്‍ക്കും ഒരാഴ്ച കൂടി സമയം ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത്. എന്നാല്‍ ഇതും അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിക്കുമ്പോഴും, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദമാണ് ഉദ്യോഗസ്ഥരുടേയും ബി.എല്‍.ഒമാരുടെ മേലുമുണ്ടായിരുന്നതെന്ന് അവരുടെ വാട്‌സ് ഗ്രൂപ്പുകളില്‍ നിന്നും പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍ വ്യക്തമാണ്. ഒപ്പം കണ്ണൂരിലെ ബി.എല്‍.ഒയുടെ ആത്മഹത്യയും ഇക്കാര്യം അടിവരയിടുന്നു.
നടത്തിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പണിപ്പെടേണ്ടിവരുന്നത് തദ്ദേശതെരഞ്ഞെടുപ്പിലാണ്. ഉദ്യോഗസ്ഥ സംവിധാനം കരുതലോടെ നീങ്ങിയാലേ കുറ്റമറ്റരീതിയില്‍ നടപടി പൂര്‍ത്തീകരിക്കാനാവുകയുള്ളൂ. തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ വോട്ടര്‍പട്ടിക പരിഷ്‌കരണം തുടങ്ങിയതാണ് പ്രശ്‌നമായത്. ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടര്‍മാര്‍ക്കാണ് തെരഞ്ഞെടുപ്പിന്റെയും എസ്.ഐ.ആറിന്റെയും ഉത്തരവാദിത്വം. ബി.എല്‍.ഒമാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചതോടെ നിയമിക്കപ്പെട്ടവരില്‍ 75 ശതമാനത്തിലേറെയും പുതിയവരാണ്.
സമയപരിധി നീട്ടണമെന്ന് പരസ്യമായി പറയാതെ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം നീട്ടുകയാണെങ്കില്‍ അത് അംഗീകരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു ഈ വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ചിരുന്ന നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."