വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ
ചെന്നൈ: പുതുച്ചേരിയില്‍ നടത്താനിരുന്ന ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലിസ്. ടിവികെയുടെ അപേക്ഷയില്‍ ഡി.ഐ.ജി സര്‍ക്കാരിനെ നിലപാട് അറിയിച്ചു. പാര്‍ട്ടി അധ്യക്ഷനും, നടനുമായി വിജയ്ക്ക് തുറന്ന വേദിയില്‍ പൊതുയോഗം നടത്താനുള്ള അനുമതിയുണ്ടെന്നും, അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പൊലിസ് അറിയിച്ചു.
പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകള്‍ക്ക് വിജയ് അണിനിരത്തുന്ന റാലിയെ ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നാണ് പൊലിസ് വിശദീകരണം. പുതുച്ചേരി മേഖലയില്‍ വലിയ ആരാധകവൃന്തമുള്ള നടനാണ് വിജയ്. ഇക്കാരണം കൊണ്ട് തന്നെ വലിയ ജനക്കൂട്ടം വിജയ്‌യെ കാണാനെത്തുമെന്നാണ് പൊലിസ് അനുമാനം. പൊതുയോഗം മാത്രമാണെങ്കില്‍ സുരക്ഷ നടപടികള്‍ എളുപ്പമാണെന്നും, മികച്ച രീതിയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി ഉള്‍പ്പെടുന്ന ഉന്നതല സമിതിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും പൊലിസ് അറിയിച്ചു.
അതേസമയം ഡിസംബര്‍ 5ന് പുതുച്ചേരിയില്‍ മഹാറാലി നടത്താനായിരുന്നു വിജയ് യുടെ തീരുമാനം. വിജയ് യുടെ താരമൂല്യം ഉപയോഗപ്പെടുത്തി പുതുച്ചേരിയില്‍ പുതിയ രാഷ്ട്രീയ പോരിന് കളമൊരുക്കുകയാണ് ടിവികെ. റാലിയുടെ മുന്നൊരുക്കങ്ങള്‍ക്കായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അര്‍ജുന എന്നിവര്‍ പുതുച്ചേരിയില്‍ എത്തിയിരുന്നു. പൊലിസിന്റെ തീരുമാനത്തില്‍ ഇതുവരെ ടിവികെ പ്രതികരിച്ചിട്ടില്ല.
നിലവില്‍ എന്‍.ആര്‍ കോണ്‍ഗ്രസ്-ബിജെപി ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാരാണ് പുതുച്ചേരി ഭരിക്കുന്നത്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് മുഖ്യപ്രതിപക്ഷം. ഇവിടെ മൂന്നാം കക്ഷിയായി രംഗപ്രവേശം ചെയ്യാനുള്ള ശ്രമത്തിലാണ് വിജയ്. കരൂര്‍ ദുരന്തത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വിജയ്ക്ക് നേരെ ഉയര്‍ന്നത്. ഒക്ടോബറില്‍ നടത്തിയ കരൂര്‍ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ക്ക് പ്രത്യേക രൂപരേഖ തയ്യാറാക്കി ഡിഎംകെ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സേലത്തെ പൊതുയോഗത്തിനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
Permission for the TVK rally in Puthuchery was denied by the police
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."