ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ
പനാജി: ഗോവയിലെ അർപോറയിലുള്ള നിശാക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പരിപാടി നടക്കുന്നതിനിടെ പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ക്ലബ്ബ് ജീവനക്കാർ അറസ്റ്റിൽ
റോമിയോ ലേനിന്റെ ഉടമസ്ഥതയിലുള്ള ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ ക്ലബ്ബിലെ നാല് ജീവനക്കാരാണ് അറസ്റ്റിലായത് രാജീവ് മോദക് (ചീഫ് ജനറൽ മാനേജർ),വിവേക് സിങ് (ജനറൽ മാനേജർ),രാജീവ് സിങ്ഹാനിയ (ബാർ മാനേജർ),പ്രിയാൻഷു ഠാക്കൂർ (ഗേറ്റ് മാനേജർ),കൂടാതെ ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലൂത്ര എന്നിവർക്കെതിരെ എഫ്.ഐ.ആർ. രേഖപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി അറിയിച്ചു.
പടക്കം പൊട്ടിക്കലും ദുരന്തവും
പുലർച്ചെ ഒരു മണിയോടെയാണ് ക്ലബ്ബിൽ തീപ്പിടിത്തം ഉണ്ടായത്. ഡി.ജെ. പാർട്ടി നടക്കുന്ന സ്ഥലത്ത് പടക്കം പൊട്ടിച്ചതാണ് തീ പടരാൻ കാരണമായതെന്നാണ് സൂചന.സംഭവസമയത്ത് നൂറോളം പേർ ക്ലബ്ബിലുണ്ടായിരുന്നു. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച സഞ്ചാരികളിൽ ചിലർ ക്ലബ്ബിന്റെ താഴെയുള്ള അടുക്കള ഭാഗത്തേക്ക് ഓടിപ്പോവുകയും അവിടെ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സർക്കാർ നടപടികൾ
മുഖ്യമന്ത്രി പ്രമോദ് സാവന്ത്, റോമിയോ ലേനിന്റെ കീഴിലുള്ള മറ്റ് നിയമപരമല്ലാത്ത ക്ലബ്ബുകൾ സീൽ ചെയ്തതായി അറിയിച്ചു. ഇത്തരത്തിലുള്ള ക്ലബ്ബുകൾക്ക് സർക്കാർ പ്രോത്സാഹനം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) സർക്കാർ നിയോഗിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഗോവ സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."