രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും സജീവമായി. പലയിടത്തും നീണ്ട നിരകളാണ് കാണുന്നത്. വൈകീട്ട് ആറുവരെയാണ് പോളിങ്.
അതിനിടെ, പലയിടത്തും അപ്രതീക്ഷിതമായി ഇ.വി.എമ്മുകള്‍ പണിമുടക്കി. ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോഴും നിരവധി പോളിങ് ബൂത്തുകളില്‍ പോളിങ് ആരംഭിക്കാനായിരുന്നില്ല.
കോഴിക്കോട് കൊടുവള്ളി നഗരസഭ 26 ഡിവിഷന്‍ കടേക്കുന്നില്‍ നരൂക്ക് മദ്രസയിലെ ബൂത്തില്‍ വോട്ടിങ് മെഷീനും കടലുണ്ടി പഞ്ചായത്ത് ആലുങ്ങല്‍ വാര്‍ഡിലെ സി.എം.എച്ച്.എസ് സ്‌കൂള്‍ രണ്ടാം ബൂത്തില്‍ കണ്‍ട്രോള്‍ യൂനിറ്റുമാണ് തകരാറിലായത്. 15 വോട്ട് ചെയ്ത ശേഷമാണ് കണ്‍ട്രോള്‍ യൂനിറ്റ് തകരാറിലായത്.
#WATCH | Kerala | Mock polls being conducted in Mallapuram to ensure the accuracy of the voting machines before polling begins for the local body election. pic.twitter.com/kPEnhXMi54
— ANI (@ANI) December 11, 2025
രാമനാട്ടുകര ഗവ. യു.പി സ്‌കൂള്‍ പത്താം ബൂത്തിലും ചക്കിട്ടപാറ പഞ്ചായത്തില്‍ ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ 12-ാം വാര്‍ഡിലെ ഒന്നാം ബൂത്തിലും മെഷീന്‍ തകരാറിലായി.
രാമനാട്ടുകര ഗണപത് യു.പി സ്‌കൂള്‍ 20 നമ്പര്‍ ബൂത്തില്‍ യന്ത്രത്തിന്റെ കേബിള്‍ തകരാറിലായതോടെ പോളിങ് തടസപ്പെട്ടു. മുക്കം നഗരസഭ താഴക്കോട് ഗവ. എല്‍.പി സ്‌കൂളിലെയും ഫറോക്ക് കല്ലംപാറ വെസ്റ്റ് പെരുമുഖം 21 നമ്പര്‍ ബൂത്തിലും മെഷീന്‍ തകരാറിലായതോടെ വോട്ടെടുപ്പ് തുടങ്ങാന്‍ സാധിച്ചില്ല.
കണ്ണൂര്‍ രാമന്തളി മൂന്നാം വാര്‍ഡ് രാമന്തളി ജി.എം യു.പി സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കി.
മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് 18-ാം വാര്‍ഡിലെ പരുത്തിക്കോട്ടെ ഒന്നാം ബൂത്തില്‍ പോളിങ് മെഷീന്‍ തകരാറിലായി. കാത്തുനിന്ന് മടുത്ത വോട്ടര്‍മാര്‍ മടങ്ങിപ്പോയി. പരുത്തിക്കോട് ബയാനുല്‍ ഹുദ ഹയര്‍ സെക്കന്ററി മദ്രസയിലാണ് പോളിങ് ബൂത്ത്.
എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 പുന്നക്കല്‍ചോല ബൂത്ത് ഒന്നില്‍ മെഷീന്‍ തകരാറിലായതോടെ
വോട്ടിങ് തടസപ്പെട്ടു.
ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്ക് 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടര്‍മാര്‍ക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തൃശൂരില്‍ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടില്‍ 189, കണ്ണൂരില്‍ 1025, കാസര്‍കോട്ട് 119 എന്നിങ്ങനെ 18,274 പോളിങ് ബൂത്തുകളില്‍ 2,055 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലും ഇന്ന് റീപോളിംഗ് നടക്കും. സ്ഥാനാര്‍ത്ഥി മരിച്ചത് മൂലം മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലെ തെരഞ്ഞെടുപ്പും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 604 വാര്‍ഡുകളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെയാണ്. വാശിയേറിയ പ്രതാണം നടന്ന വോട്ടെടുപ്പിന്റെ ഫലം ശനിയാഴ്ച അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."