തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍. അരനൂറ്റാണ്ടായി നഗരഭരണം കൈയ്യാളുന്ന ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി ഫലം. രാജ്യത്തെ പ്രായം കുറഞ്ഞ മേയറെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ തവണ ആര്യാ രാജേന്ദ്രനെ മുന്‍നിര്‍ത്തിയുള്ള ഭരണത്തിലെ വിവാദങ്ങള്‍ യു.ഡി.എഫിനെക്കാളേറെ തുണയായത് ബി.ജെ.പിക്കാണ്. നഗര ഭരണത്തിനെതിരേ വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത വിരുദ്ധവികാരമുണ്ടായെന്ന് വേണം കണക്കാക്കാന്‍. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട നിയമന വിവാദം, പട്ടികജാതി ഫണ്ട് തട്ടിപ്പ്,കൊവിഡ് കാലത്ത് നടത്താതിരുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ തുക മാറ്റല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായി. ശബരിമല സ്വര്‍ണക്കൊള്ള കോര്‍പ്പറേഷനിലുടനീളം സജീവമായി നില നിര്‍ത്തി വിശ്വാസികളെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു.
മെട്രോറെയില്‍,വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനങ്ങള്‍ എന്നിവ പ്രധാന വാഗ്ദാനങ്ങളായി ബി.ജെ.പി ഉയര്‍ത്തിയിരുന്നു. ഭരണത്തിലേറിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തിരുവനന്തപുരത്തെത്തിച്ച് നഗര വികസനത്തിന്റെ മാസ്റ്റര്‍ പല്‍ന്‍ അവതരിപ്പിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനവും നഗരമനസ്സുകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ബി.ജെ.പിക്ക്് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. മുന്‍ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ആനന്ദ്.കെ. തമ്പിയുടെയും ആത്മഹത്യ ബിജെപിക്ക് പ്രതിസന്ധിയാകുമെന്ന് കരുതിയിരുന്നു. ഇതില്‍ ആന്ദിന്റെ സ്വദേശമായ തൃക്കണ്ണാപുരത്ത് 16 വോട്ടിനാണ് ബി.ജെ.പിക്ക് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത്.
മൂന്നു മുന്നണികളും മേയര്‍സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവര്‍ വിജയിച്ചു. പേട്ടയില്‍ സി.പി.എമ്മിന്റെ എസ്.പി.ദീപക്കും കവടിയാറില്‍ കോണ്‍ഗ്രസിന്റെ ശബരീനാഥനും ശാസ്തമംഗലത്ത് ബി.ജെ.പിയുടെ ആര്‍.ശ്രീലേഖയും വിജയം കണ്ടു.മൂന്നു മുന്നണികള്‍ക്കും പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വിജയം കണ്ടെത്താനായില്ല എന്നുള്ളതും തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. ഹരികുമാര്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണ് എത്തിയത്.
കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്‍ സ്ഥിതിചെയ്യുന്ന ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ഥി ശ്രീലേഖ വിജയിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കുന്നുകുഴിയിലും പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം വാര്‍ഡിലും എല്‍ഡിഎഫ് പരാജയം രുചിച്ചു, രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയം സ്വന്തമാക്കി. കുന്നുകുഴിയില്‍ സി.പി.എമ്മിന്റെ നഗരത്തിലെ പ്രധാനമുഖങ്ങളിലൊന്നായ ഐ.പി.ബിനുവിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിലെ മേരിപുഷ്പം രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.ഇടതുപക്ഷത്ത് കോണ്‍ഗ്രസ് എസിലെ പാളയം രാജന്‍ പതിറ്റാണ്ടുകളായി പ്രതിനിധീകരിച്ചുകൊണ്ടിരുന്ന പാളയം വാര്‍ഡ് ഇക്കുറി വനിതാ വാര്‍ഡായപ്പോള്‍ വിജയിച്ചത് കോണ്‍ഗ്രസിലെ ഷേര്‍ളി. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് പരാജയപ്പെട്ടു. തൊട്ടടുത്ത വാര്‍ഡായ നന്തന്‍കോട് മത്സരിച്ച പാളയം രാജന്‍ കോണ്‍ഗ്രസിലെ ക് ളീറ്റസിനോട് പരാജയപ്പെട്ടു.
ഏര്യാസെക്രട്ടറിമാര്‍ മത്സരിക്കുന്നതിനെതിരെ സി.പി.എമ്മിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും മത്സരിച്ച മൂന്ന് പേരും വിജയം കണ്ടു. വഞ്ചിയൂരില്‍ വഞ്ചിയൂര്‍.പി.ബാബുവും പുന്നയ്ക്കാമുഗളില്‍ ആര്‍.പി.ശിവജിയും ചാക്കയില്‍ കെ.ശ്രീകുമാറും വിജയിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയത് വിവാദമായ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ വിജയമായിരുന്നു നഗരസഭയിലെ ആദ്യഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."