സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ
ബറേലി: (ഉത്തർപ്രദേശ്): വിവാഹച്ചടങ്ങുകൾക്കിടെ വധു പിന്മാറിയ സംഭവം വൻ വിവാദത്തിലേക്ക്. വരനും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടതാണ് കാരണം എന്നാണ് വധുവിന്റെ ആരോപണം. എന്നാൽ, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വധുവും വധുവിന്റെ വീട്ടുകാരും കളിയാക്കുകയും, തുടർന്ന് വിവാഹം വേണ്ടെന്ന് വെക്കുകയുമായിരുന്നു എന്നാണ് വരന്റെ വിശദീകരണം. ഇരു കൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഭവം ഉത്തർപ്രദേശിലെ ബറേലിയിൽ വലിയ ചർച്ചയായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നിശ്ചയിച്ച പ്രകാരം വരനും കുടുംബവും വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തി. എന്നാൽ, ഈ സമയത്താണ് താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വധു അറിയിച്ചത്.
വരനും വീട്ടുകാരും സ്ത്രീധനമായി 20 ലക്ഷം രൂപയും ഒരു കാറും ആവശ്യപ്പെട്ടുവെന്നും, ഇത് നൽകാൻ കഴിയാത്തതിനാലാണ് വിവാഹം ഉപേക്ഷിക്കുന്നതെന്നും വധു ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച് 29-കാരനായ വരനും രംഗത്തെത്തി. താൻ തടിയുള്ള വ്യക്തിയായതിനാൽ വധുവും വീട്ടുകാരും നിരന്തരം ബോഡി ഷെയ്മിങ് നടത്തിയിരുന്നതായി വരൻ ആരോപിച്ചു. നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ താൻ കളിയാക്കലുകൾക്ക് ഇരയായെന്നും, എന്നാൽ, അന്ന് അത് കാര്യമാക്കേണ്ടെന്നാണ് വധു പറഞ്ഞതെന്നും യുവാവ് പറയുന്നു.
വിവാഹച്ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് വിവാഹം വേണ്ടെന്ന് വെച്ചതായി അറിയിച്ചത്. കൂടാതെ, വധുവും കുടുംബവും തങ്ങളെ തടഞ്ഞു വെക്കുകയും വിലപ്പെട്ട വസ്തുക്കൾ കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നും വരൻ ആരോപിക്കുന്നു.
"വിവാഹത്തിനായി ചിലവാക്കിയ പണം തിരികെ ലഭിക്കാനായി വധുവിന്റെ വീട്ടുകാർ നടത്തുന്ന നാടകമാണ് സ്ത്രീധനം എന്ന ആരോപണം. 50 ലക്ഷം രൂപയാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്." എന്ന് ഫാഷൻ ഡിസൈനർ കൂടിയായ വരൻ വിശദീകരണം നൽകി.
സംഭവത്തിൽ, വരനും കുടുംബത്തിനും എതിരെ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വധുവിന്റെ വീട്ടുകാർ പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. എങ്കിലും, സ്ത്രീധനം ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല എന്നും പൊലിസ് അറിയിച്ചു. ഇരുപക്ഷത്തിന്റെയും വാദപ്രതിവാദങ്ങൾ കേസ് കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
A wedding in Bareilly, Uttar Pradesh, was dramatically called off after the bride accused the groom and his family of demanding a dowry of ₹20 lakh and a car. The groom, a fashion designer, retaliated, claiming the bride cancelled the marriage because she and her family repeatedly body-shamed him over his weight. Both parties have filed police complaints against each other, with the police acknowledging the dowry complaint but noting a lack of definitive evidence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."