മുള്ളുകളില്ലാത്ത മീന്‍: ശാസ്ത്രലോകത്തെ ഞെട്ടിച്ച് ചൈനയുടെ അപൂര്‍വ നേട്ടം
വീണ്ടും ലോകത്തെ അമ്പരപ്പിക്കുന്ന ശാസ്ത്ര നേട്ടവുമായി ചൈന. വര്‍ഷങ്ങളോളം നീണ്ട ഗവേഷണത്തിന്റെ ഫലമായി, മാംസത്തിനുള്ളിലെ ചെറു മുള്ളുകള്‍ പൂര്‍ണമായും ഒഴിവാക്കിയ മത്സ്യ ഇനം ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. 'സോങ്കെ നമ്പര്‍ 6' എന്ന് പേരിട്ടിരിക്കുന്ന ഈ മത്സ്യം, ഏഷ്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ശുദ്ധജല മത്സ്യമായ പ്രഷ്യന്‍ കാര്‍പിന്റെ പുതുതലമുറ ഇനമാണ്.
സാധാരണ കാര്‍പ് മത്സ്യങ്ങളില്‍ മാംസത്തിനുള്ളില്‍ കാണപ്പെടുന്ന 'Y' ആകൃതിയിലുള്ള ചെറു എല്ലുകള്‍ (ഇന്റര്‍മസ്‌കുലര്‍ ബോണ്‍സ്) മീന്‍ കഴിക്കുന്നത് അപകടകരവും ബുദ്ധിമുട്ടുള്ളതുമാക്കാറുണ്ട്. ഈ പ്രശ്‌നത്തിന് ശാസ്ത്രീയ പരിഹാരമാണ് സോങ്കെ നമ്പര്‍ 6. CRISPR-Cas9 എന്ന ആധുനിക ജീന്‍ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഇനം വികസിപ്പിച്ചിരിക്കുന്നത്.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ (CAS) ശാസ്ത്രജ്ഞനായ ഗ്വി ജിയാന്‍ഫങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് പിന്നില്‍. കാര്‍പ് മത്സ്യങ്ങളില്‍ ചെറു എല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്ന 'runx2b' എന്ന ജീനിനെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഭ്രൂണാവസ്ഥയില്‍ തന്നെ ഈ ജീനിന്റെ പ്രവര്‍ത്തനം തടഞ്ഞതിലൂടെ, മത്സ്യത്തിന്റെ പ്രധാന അസ്ഥികൂടം സാധാരണ പോലെ വളരുകയും മാംസത്തിനുള്ളിലെ സൂക്ഷ്മ എല്ലുകള്‍ പൂര്‍ണമായി ഇല്ലാതാകുകയും ചെയ്തു.
പുതിയ ഇനം മത്സ്യം ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വാണിജ്യ മത്സ്യകൃഷിക്കും വലിയ പ്രതീക്ഷയാണ്. സാധാരണ കാര്‍പ് മത്സ്യങ്ങളില്‍ 80ല്‍ അധികം ചെറു എല്ലുകള്‍ കാണപ്പെടുന്നിടത്ത്, സോങ്കെ നമ്പര്‍ 6 കൂടുതല്‍ സുരക്ഷിതവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാണ്. കൂടാതെ, ഈ മത്സ്യം വേഗത്തില്‍ വളരുകയും കുറഞ്ഞ തീറ്റയില്‍ കൂടുതല്‍ വിളവ് നല്‍കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ 'പ്രിസിഷന്‍ സീഡ് ഡിസൈന്‍ ആന്‍ഡ് ക്രിയേഷന്‍' പദ്ധതിയുടെ ഭാഗമായി ആറുവര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ഈ നേട്ടം. ഭാവിയില്‍ മറ്റ് പ്രധാന ശുദ്ധജല മത്സ്യങ്ങളിലും സമാനമായ ജനിതക മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
China has astonished the world by developing a boneless fish variety named Zhongke No. 6 after years of scientific research. Created using advanced CRISPR-Cas9 gene-editing technology, this new variety of Prussian carp eliminates the tiny intramuscular “Y-shaped” bones that make carp difficult and risky to eat. By disabling the runx2b gene at the embryonic stage, scientists ensured normal skeletal growth while completely removing the fine bones in the flesh. Developed by the Chinese Academy of Sciences, the fish is fast-growing, feed-efficient, and suitable for commercial aquaculture, marking a major breakthrough in food technology and freshwater fish farming.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."