‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത
കൊൽക്കത്ത: ഐ-പാക്ക് (I-PAC) ഓഫിസിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെയും തന്റെ സർക്കാരിനെയും അനാവശ്യമായി സമ്മർദ്ദത്തിലാക്കിയാൽ കൽക്കരി കുംഭകോണത്തിൽ അമിത് ഷായ്ക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്തുവിടുമെന്ന് മമത മുന്നറിയിപ്പ് നൽകി.
കൊൽക്കത്തയിൽ ഇഡി റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാ പദവി വഹിക്കുന്നതിനാലാണ് താൻ ഇതുവരെ മിണ്ടാതിരുന്നതെന്നും എന്നാൽ അതിരുകടന്നാൽ മിണ്ടാതിരിക്കില്ലെന്നും മമത പറഞ്ഞു.
"എന്റെ പക്കൽ നിർണ്ണായകമായ പെൻഡ്രൈവുകളുണ്ട്. വഹിക്കുന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ഇതുവരെ മൗനം പാലിച്ചത്. എന്നെ അധികം സമ്മർദ്ദത്തിലാക്കാൻ നോക്കണ്ട. എല്ലാം ഞാൻ വെളിപ്പെടുത്തും. അത് പുറത്തുവന്നാൽ രാജ്യം ഞെട്ടിപ്പോകും," മമത വ്യക്തമാക്കി.
കൽക്കരി കുംഭകോണത്തിലെ പണം നേരിട്ട് എത്തുന്നത് അമിത് ഷായിലേക്കാണെന്ന് മമത ആരോപിച്ചു. ബിജെപി നേതാക്കളായ ജഗന്നാഥ് സർക്കാർ, സുവേന്ദു അധികാരി എന്നിവർ വഴിയാണ് ഈ പണം കൈമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി എംപി ജഗന്നാഥ് സർക്കാരിനെ 'കൊള്ളക്കാരൻ' എന്ന് പറഞ്ഞ മമത, ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ 'ചതിയൻ' എന്നും അമിത് ഷായുടെ 'പുതിയ വളർത്തുമകൻ' എന്നും പരിഹസിച്ചു.
കൽക്കരി കുംഭകോണം തടയുന്നതിൽ ബിഎസ്എഫ്, സിഐഎസ്എഫ് എന്നീ കേന്ദ്ര സേനകൾ പരാജയപ്പെട്ടതായും ഇതിന് ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്നും മമത ആവശ്യപ്പെട്ടു.
വ്യഴാഴ്ച തൃണമൂലിന് വേണ്ടി പ്രചാരണതന്ത്രം മെനയുന്ന ഐപാക് ഓഫിസിലും മേധാവി പ്രതിക് ജെയിനിൻ്റെ വസതിയിലും ഇ.ഡി നടത്തിയ റെയ്‌ഡ് നാടകീയ സംഭവങ്ങൾക്കും സാക്ഷ്യംവഹിച്ചിരുന്നു.
റെയ്ഡിൽ പിടിച്ചെടുത്ത പാർട്ടി രേഖകൾ ഇ.ഡി ഉദ്യോഗസ്ഥരിൽനിന്ന് മമത തിരികെ വാങ്ങിയെന്നും ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ ഐപാക് ഓഫിസിൽനിന്ന് പുറത്തുവരുന്ന മമതയുടെ കൈവശമുള്ള പച്ചനിറത്തിലുള്ള ഫയൽ, പാർട്ടിയുടെ രഹസ്യങ്ങളാണെന്നും റിപ്പോർട്ടുണ്ട്. കൽക്കരി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് സാൾട്ട് ലേക്കിലെ ഐപാക് ഓഫിസിലും ജെയിനിന്റെ ലൗഡൻ സ്ട്രീറ്റിലെ വസതിയിലും രാവിലെ ഏഴ് മുതൽ ഇ.ഡി പരിശോധന നടത്തിയത്. തൃണമൂൽ കോൺഗ്രസിൻ്റെ ഐ.ടി വിഭാഗം, മീഡിയ സെൽ എന്നിവ കൈകാര്യം ചെയ്യുന്ന കൺസൾട്ടൻസി സ്ഥാപനമാണ് ഐപാക്.
West Bengal Chief Minister Mamata Banerjee has issued a stern warning to the Central Government and Union Home Minister Amit Shah following an Enforcement Directorate (ED) raid on the I-PAC office. Banerjee accused the Centre of using investigative agencies to exert unnecessary pressure on her government. She warned that if such intimidation continues, she will release evidence allegedly linking Amit Shah to the coal scam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."